health

സാധാരണയായി കാൽവെള്ളയിലുണ്ടാകുന്ന ഒരു രോഗമാണ് ആണിരോഗം. അപൂർവമായി കൈയിലും കാണപ്പെടുന്നു. വെരുക്കപെഡിസ് വൈറസാണ് രോഗമുണ്ടാക്കുന്നത്. ഈ വൈറസുകൾ ചർമത്തിനുള്ളിലേക്കു വളരുന്നതോടെ കട്ടിയേറിയ ആണി രൂപംകൊള്ളുന്നു. കാലിനടിയിൽ അരിമ്പാറ പോലെ വളർന്ന് പാദത്തിന്റെ ഉള്ളിലേക്കും പുറത്തേക്കും വികസിക്കുന്നു. നടക്കുമ്പോഴും നിൽക്കുമ്പോഴും ഈ അരിമ്പാറ പോലെ വളർന്ന ചർമ്മം ഉള്ളിലേക്കു തള്ളപ്പെടുന്നതിനാൽ വേദന അനുഭവപ്പെടുന്നു.

ചെരുപ്പുകൾ ഉപയോഗിക്കാതിരിക്കുന്നവരിലും വൃത്തിഹീനമായ പൊതുകുളിമുറികൾ ഉപയോഗിക്കുന്നവരിലും രോഗം വേഗത്തിൽ ബാധിക്കും. കാലടികളിലുണ്ടാകുന്ന മുറിവുകൾ,​ പോറലുകൾ എന്നിവ വഴി വൈറസ് ചർമത്തിനുള്ളിൽ പ്രവേശിക്കുന്നു. ഈ വൈറസുകൾ ചൂടും തണുപ്പും ഉള്ള സാഹചര്യങ്ങളിൽ വളർച്ചാശേഷിയുള്ളവയാണ്.

കാലുകളിലുണ്ടാകുന്ന സാധാരണ വടുക്കളിൽ നിന്നും ആണികൾ തിരിച്ചറിയാൻ പ്രയാസമായിരിക്കും. ആണിയുടെ ഉപരിതലത്തിലായി വളരെചെറിയ കറുത്തപൊട്ടുകൾ ഉണ്ടാകും. കാപ്പിലറി രക്തക്കുഴലുകളുടെ അഗ്രഭാഗമാണ് കറുത്തപൊട്ടുകളായി തോന്നിക്കുന്നത്. എന്നാൽ, വടുക്കളിൽ രക്തക്കുഴലുകളില്ല. ഇവ മെഴുകുപോലെ ഇരിക്കും. അധിക ബാഹ്യസമ്മർദ്ദം മൂലമാണ് കാലടിയിൽ തഴമ്പ് ഉണ്ടാകുന്നത്. കാൽവെള്ളയിലെ ആണിരോഗം പാദങ്ങളുടെ ഏതു ഭാഗത്തേക്കും വ്യാപിക്കാം. രോഗബാധിതരുടെ കാലുകളുടെ അടിയിൽ തൊലി കട്ടികൂടി ഉരുണ്ടുവരും. ആമയുടെ പുറംതോടു പോലെ അഞ്ചോ ആറോ മുഴകൾ പോലെയും ഉണ്ടായി കാണാറുണ്ട്.

ആയുർവേദത്തിൽ ആണിരോഗത്തിന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. പോഷകക്കുറവ് മൂലവും ആണിരോഗം പിടിപെടാം. ഇതിൽതന്നെ വൈറ്റമിൻ എയുടെ കുറവാണ് ഇതിനൊരു പ്രധാന കാരണം. അമിതമായി ചായ, കാപ്പി കുടിക്കുന്നവരിലും പുകയില, മദ്യം ഉപയോഗിക്കുന്നവരിലും രോഗസാദ്ധ്യത കൂടുതലാണ്.

വൈറ്റമിൻ എ അടങ്ങിയ ഇലക്കറികൾ ധാരാളം കഴിക്കുന്നതുകൊണ്ട് ആണിരോഗത്തിനെതിരെ പ്രതിരോധം തീർക്കാം. പച്ചക്കറികൾ ഭക്ഷണത്തിൽ കാര്യമായി ഉൾപ്പെടുത്തുക. മദ്യപാനം,​ പുകവലി,​ പുകയില ഉപയോഗം എന്നിവ ഒഴിവാക്കുക.

ഡോ. ശില്പ എം.വി,​

വി.എം ഹോസ്പിറ്റൽ,​

ഗവ. ആശുപത്രിക്ക് സമീപം,​

മട്ടന്നൂർ

ഫോൺ: 9846366000.