കണ്ണൂർ: റോഡപകടത്തിൽ പെട്ടവരെ അടിയന്തരമായി ആശുപത്രിയിൽ എത്തിക്കാനുള്ള സൗജന്യ ആംബുലൻസ് ശൃംഖല കനിവ് 108ന്റെ രണ്ടാം ഘട്ട സംസ്ഥാനതല ഉദ്ഘാടനം നാളെ കളക്ടറേറ്റ് മൈതാനിയിൽ നടക്കും.

അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ദ്ധരും അടങ്ങിയ 315 ആംബുലൻസുകളുടെ സേവനമാണ് ഉറപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 100 ആംബുലൻസുകളുടെ പ്രാഥമിക ശൃംഖല ഒരുക്കിയിട്ടുണ്ട്. രണ്ടാംഘട്ടത്തിലെ 100 ആംബുലൻസ് ശൃംഖലയുടെ ഉദ്ഘാടനമാണ് നാളെ നടക്കുക.

24 മണിക്കൂർ സേവനത്തിന് പ്രയോജനപ്പെടുത്തുന്ന തരത്തിലും റോഡപകടങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന 12 മണിക്കൂറിൽ (രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെയുള്ള സമയത്ത്) സേവനം ചെയ്യുന്നവ എന്ന തരത്തിലുമാക്കി നിജപ്പെടുത്തിയാണ് സേവനം. റോഡപകടങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സമയത്ത് 315 ആംബുലൻസുകളുടെയും സേവനം ദേശീയ-സംസ്ഥാന ഹൈവേകളിലും അപകടസാദ്ധ്യത കൂടിയ ഉൾനാടൻ റോഡുകളിലും ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി.

മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും. കെ. സുധാകരൻ എം.പി, മേയർ സുമ ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കളക്ടർ ടി.വി സുഭാഷ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, എ.ഡി.എം ഇ.പി മേഴ്‌സി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം.കെ ഷാജ്, ഡോ. കെ.വി ലതീഷ്, കെ.എം.എസ്‌.സി.എൽ ഡെപ്യൂട്ടി മാനേജർ രാജീവ് ശേഖർ, ശരവണൻ, കെ.എം.എസ്‌.സി.എൽ കൺസൾട്ടന്റ് ഗിരീഷ് എന്നിവ‌ർ പങ്കെടുത്തു.