ചെറുപുഴ: അതിപുരാതനവും ജൈവവൈവിധ്യസമ്പന്നവും ആയിരക്കണക്കിന് പേരുടെ വിശ്വാസകേന്ദ്രവുമായ കാങ്കോൽ ആലപടമ്പ് പഞ്ചായത്തിലെ ആലപടമ്പ ദേവിയോട്ട് കാവ് വക സ്ഥലം രണ്ടുവർഷത്തേക്ക് റോഡ് ടാർമിക്സിംഗ് യൂണിറ്റിന് വിട്ടുകൊടുക്കുന്നതിനെ ചൊല്ലി വിവാദം.അതിപ്രാചീനമായ ആചാരങ്ങൾ നിലനില്ക്കുന്ന ദേവിയോട്ട് ദേവസ്വത്തിന്റെ സ്ഥലം ചിലർ )ഇടപ്പെട്ട് കരാറുകാരന് നൽകുവാൻ ചർച്ച നടന്നതായാണ് നാട്ടുകാരുടെ ആരോപണം.
കൊടുംവേനലിലും വറ്റാത്ത നീരുറവയുള്ള സ്ഥലമാണ് കരാറിന് നല്കാൻ രഹസ്യ നീക്കം നടക്കുന്നത്
രണ്ട് വർഷക്കരാറിൽ ടാർ മിക്സിംഗ് യൂണിറ്റ് നിർമ്മിച്ചാൽ ദൂരസ്ഥലങ്ങളിലേക്കടക്കം ഇവിടെ നിന്നാകും ടാർ ഉരുക്കി കൊണ്ടുപോകുന്നത്. അന്തരീക്ഷമലിനീകരണവും ജൈവവൈവിദ്ധ്യത്തിന്റെ നാശവുമൊക്കെയായിരിക്കും ഇതിന്റെ ഫലമെന്നാണ് എതിർപ്പുമായി മുന്നോട്ടുവരുന്നവരുന്നവരുടെ വാദം. വൻതോതിൽ ജലം ആവശ്യമുള്ളതിനാൽ മേഖലയിലെ വെള്ളം ഊറ്റുന്നതിനും ഇത് ഇടയാക്കുമെന്ന് നാട്ടുകാർ പറയുന്നു.
സാമ്പത്തിക ലക്ഷ്യം മാത്രം മുന്നിൽ കണ്ട് ഇത്തരം പദ്ധതികൾക്ക് കൂട്ടുനിൽക്കരുതെന്നാണ് നാട്ടുകാരുടെ അഭിപ്രായം.സ്ഥലം ടാർമിക്സിംഗിനായി വിട്ടുകൊടുക്കുന്നതിനെതിരെ കൂട്ടായ്മ സംഘടിപ്പിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഇന്നാട്ടുകാർ. തോടുകളും പുഴകളും കാവുകളും സംരക്ഷിക്കാൻ സർക്കാരും പരിസ്ഥിതി മന്ത്രാലയവുംകോടികൾ ചെലവിടുമ്പോൾ സ്വാർത്ഥതാൽപര്യം മുൻനിർത്തി ജൈവവൈവിദ്ധ്യത്തിന്റെ വൻകലവറയെ തകർക്കാൻ നിൽക്കരുതെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
കൈയേറ്റത്തിന്റെ ഇര
ഒരു കാലത്ത് ആയിരകണക്കിന് ഏക്കർ ഭൂമി സ്വന്തമായി ഉണ്ടായിരുന്നു ദേവിയോട്ട് കാവിന്. ന്യൂനപക്ഷ സംഘടിത ശക്തികളും സ്വകാര്യ വ്യക്തികളും കൈയേറി ഇന്ന് ഏകദേശം നൂറ് ഏക്കറിനടുത്ത് മാത്രമാണ് കാവിന് സ്വന്തമായുള്ളത്. ആദിവാസിവിഭാഗമായ മാവിലരുടെ പ്രധാന ആരാധനാസങ്കേതമാണിത്. വിശ്വാസപ്പെരുമ കൊണ്ട് മറ്റെല്ലാ സമുദായക്കാരും ഇവിടെ കളിയാട്ടദിനത്തിലെത്തും. ചൂട്ടുകറ്റയും എണ്ണവിളക്കും മാത്രമെ രാത്രികാലത്തുള്ള തെയ്യത്തിന് ഇവിടെ പാടുള്ളുവെന്നാണ് ചട്ടം.