തലശ്ശേരി: വേർപാടുകളുടെ ഓർമ്മ തങ്ങിനിന്ന സന്ധ്യയിൽ തലശ്ശേരി ഒരിക്കൽ കൂടി രാഘവൻമാസ്റ്ററുടെയും എരഞ്ഞോളമൂസയുടെയും മധുരസ്മരണ അയവിറക്കി.മുനിസിപ്പൽ ടൗൺ ഹാളിൽ തലശ്ശേരി നഗരസഭയും ഫോക് ലോർ അക്കാഡമിയും സംയുക്തമായി സംഘടിപ്പിച്ച കെ.രാഘവൻ , എരഞ്ഞോളി മൂസ്സ അനുസ്മരണചടങ്ങ് പൈതൃകനഗരത്തിന്റെ സംഗീതപാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്നതായി.

ഉദ്ഘാടകനായെത്തിയ ജില്ലാ കളക്ടർ ടി.വി.സുഭാഷ് രാഘവൻ മാസ്റ്റരുടെ 'പാടാനോർത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ ...' എന്ന ഗാനം ആലപിച്ചപ്പോൾ സദസ്സ് കേട്ടിരുന്നു.മൂസ്സക്ക മിക്കവാറും വേദികളിൽ ആലപിക്കാറുള്ള മതസൗഹാർദ്ദ ഗാനമായ 'എന്തെല്ലാം വർണ്ണങ്ങൾ' എന്ന് തുടങ്ങുന്ന രാഘവൻ മാഷ് സംഗീതം പകർന്ന ഗാനത്തോടെയാണ് ഗാനാർച്ചന തുടങ്ങിയത്.
ഹാരിസ് ആലപിച്ച എം.എ. ഗഫൂർ പാടിയ 'മിറാജ് രാവിലെ ..., ' 'ഇന്നലെ രാവിലെൻ', നമിത കൃഷ്ണകുമാർ ആലപിച്ച 'ഉണരുണരൂ ...'സുജനരേൻ ശബ്ദംപകർന്ന 'എല്ലാരും ചൊല്ലണ് ', 'മാനത്തെ മഴമുകിൽ മാലകളേ..' എന്നീ ഗാനങ്ങൾ
മലർവല്ലിത്തോപ്പിലെ മനോഹര സംഗീത പുഷ്പങ്ങളായി മാറി. പുഷ്പരാജ് ആലപിച്ച 'മാനത്തെ കായൽ' 'ശ്യാമ സുന്ദര പുഷ്പമേ..' എന്നീ ഗാനങ്ങൾ ഇരുവരുടേയും ഓർമ്മകളെ വീണ്ടുമുണർത്തി.
തലശ്ശേരിയുടെ തനിമ മലയാളത്തനിമയാക്കിയ ഇരുവരും സാഗര സംഗീതത്തിന്റെ ശീലുകളിൽ വിസ്മയം തുളുമ്പുന്ന നാദവീചികൾക്ക് പിറവിയേകിയവരാണെന്ന് വി.ടി.മുരളി അനുസ്മരണഭാഷണത്തിൽ പറഞ്ഞു.
ഫോക് ലോർ അക്കാഡമി അദ്ധ്യക്ഷൻ സി.ജെ.കുട്ടപ്പൻ എരഞ്ഞോളി മൂസ അനുസ്മരണം നടത്തി.നഗരസഭാ ചെയർമാൻ സി.കെ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.മാരാർ സംസാരിച്ചു.സെക്രട്ടരി കീച്ചേരി രാഘവൻ സ്വാഗതവപ്രോഗ്രാം ഓഫീസർ പി.വി.ലാവ് ലിൻ നന്ദിയും പറഞ്ഞു.