ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ ഒൻപതാം വാർഡിൽപെട്ട രാജഗിരി കപ്പാലത്തിനു മുകളിൽ ഇന്നലെ വൈകിട്ട് ഉരുൾപൊട്ടി വൻനാശം. രാജഗിരി ജോസ്ഗിരി റോഡിന്റെ ഒരു ഭാഗം ശക്തമായ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. രാജഗിരിയിലെ പടിഞ്ഞാറെവീട്ടിൽ സുബിൻ ജോസഫിന്റെ വീടിന്റെ പിന്നിലെ കല്ലും മണ്ണും ഇടിഞ്ഞു വീണു വീട് ഭാഗികമായി തകർന്നു. ശക്തമായ വെളളപ്പാച്ചിലിൽ കൃഷിയിടങ്ങൾ നശിക്കുകയും ചെയ്തു. ഇതിനു പുറമെ പ്രദേശവാസികൾ ഉപയോഗിക്കുന്ന ഒട്ടേറെ കുടിവെളള പദ്ധതികൾ നശിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് മൂന്നരയോടെ ആരംഭിച്ച കനത്ത മഴ 5.30നാണ് ശമിച്ചത്.
മഴ ശമിച്ചതിനു ശേഷമാണു ഉരുൾപൊട്ടൽ ഉണ്ടായ കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. രാജഗിരി ഇടക്കോളനിയിലേയ്ക്ക് പോകുന്ന രണ്ട് നടപ്പാലങ്ങൾ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. തേജസ്വിനിപ്പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്നു നാട്ടുകാർ പരിഭ്രാന്തിയിലായി. കമ്മാളി പാറക്കെ മുള്ള പ്രദേശത്തിന് ഭീഷണിയായി മാറുന്ന ക്വാറി യുടെ പ്രവർത്തനം പ്രദേശത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് കനത്ത ആഘാതമേൽപ്പിച്ചതിന്റെ പ്രതിഫലനമാണ് സംഭവമെന്ന് നാട്ടുകാർ പറയുന്നു സംഭവം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത്, വൈസ് പ്രസിഡന്റ് ഡെന്നി കാവാലം, സ്ഥിരംസമിതി അദ്ധ്യക്ഷൻ വി. രാജൻ, പഞ്ചായത്ത് അംഗങ്ങളായ ഷാന്റി കലാധരൻ, ലാലി തോമസ്, കെ.കെ. ജോയി, മനോജ് വടക്കേൽ, എന്നിവർ സ്ഥലം സന്ദർശിച്ചു.