കാസർകോട്: എ.ടി.എം നമ്പർ ചോർത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായ കാസർകോട് സ്വദേശികളായ രണ്ട് പേർ ഹോട്ടൽ മുറിയിൽ നിന്ന് യു.പി പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. കളനാട് സ്വദേശികളായ അബ്ദുൽ റഹ്മാൻ ജംഷീദ് (25), അബ്ദുൽ റൈഫാദ് (25) എന്നിവരാണ് വിലങ്ങുകളോടെ രക്ഷപ്പെട്ടത്. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
ശനിയാഴ്ച രാത്രിയോടെയാണ് തെളിവെടുപ്പിനായി യു.പി ഉന്നാവോ സി.ഐ പാണ്ടി, എസ്.ഐ അനിൽ യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ഇന്നോവ കാറിൽ പ്രതികളെ കാസർകോട്ട് കൊണ്ടുവന്നത്. രാത്രി 12 മണിയോടെ പുതിയ ബസ് സ്റ്റാൻഡിനടുത്ത് ഹോട്ടലിൽ മുറിയെടുത്ത് പാർപ്പിച്ചതായിരുന്നു. രണ്ട് പൊലീസുകാർക്കൊപ്പം ഒരു മുറിയിലാണ് പ്രതികളെ താമസിപ്പിച്ചത്. പുലർച്ചെ രണ്ടു മണിയോടെയാണ് പൊലീസുകാർ, പ്രതികൾ രക്ഷപ്പെട്ടതായി മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന സി.ഐയെയും എസ്.ഐയെയും അറിയിച്ചത്. തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കാസർകോട് ടൗൺ പൊലീസിൽ വിവരമറിയിച്ചു. ഹോട്ടലിലെ സി.സി ടിവി കാമറയിൽ പ്രതികൾ വിലങ്ങുകളോടെ ഇറങ്ങിപ്പോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്.
പ്രതികളെ കൊണ്ടുവരുന്ന വിവരം കാസർകോട് പൊലീസിനെ അറിയിച്ചിരുന്നില്ല. ഇവിടെ പ്രതികളെ പാർപ്പിക്കാൻ പൊലീസ് സ്റ്റേഷനുകളിലും എ.ആർ ക്യാമ്പിലും സൗകര്യമുണ്ട്. ഇതേ കേസിൽ മീപ്പുഗിരി ആർ.ഡി നഗറിലെ മുഹമ്മദ് ബിലാൽ, കൂഡ്‌ലുവിലെ മുഹമ്മദ് സുഹൈൽ, കളനാട്ടെ യാസീൻ എന്നിവരെയും കഴിഞ്ഞ ആഴ്ച യു.പി ഉന്നാവോ പൊലീസ് ഇൻസ്‌പെക്ടർ ദിനേശ് ചന്ദ്രമിശ്ര കാർ സഹിതം അറസ്റ്റ് ചെയ്തിരുന്നു. രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താൻ കാസർകോട് പൊലീസ് അന്വേഷണം ഊർജിതമാക്കി.