shylaja

കണ്ണൂർ : ജീവിതശൈലി രോഗങ്ങൾ പിടിമുറുക്കിയതിനെ പ്രതിരോധിക്കാൻ ആയുർവേദത്തിൽ ഏറെ സാദ്ധ്യതകളുണ്ടെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. കോട്ടയ്ക്കൽ ആര്യ വൈദ്യശാല സ്ഥാപകൻ പി.എസ്. വാര്യരുടെ ജന്മവാർഷികത്തോടനുബന്ധിച്ച് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന ആയുർവേദ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യ സൂചകങ്ങളിൽ മാതൃകയാണെങ്കിലും കേരളം ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമായി മാറി. പരീക്ഷണശാലകളിൽ തെളിയിച്ച മരുന്നുകളും സിദ്ധാന്തങ്ങളുമായി ആയുർവേദം വളരണം.

വിദേശ രാജ്യങ്ങളാണ് നമ്മുടെ ഔഷധ അറിവുകളുടെ പേറ്റന്റ് നേടുന്നതെന്നും മന്ത്രി​ പറഞ്ഞു. മേയർ സുമ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആര്യവൈദ്യശാല ചീഫ് ഫിസിഷ്യൻ ഡോ. പി.എസ്. വാര്യർ, കൗൺസിലർ ഇ. ബീന എന്നിവർ സംസാരി​ച്ചു. പി. മാധവവാര്യർ മെമ്മോറിയൽ ഗോൾഡ് മെഡൽ ഡോ. കസ്തൂരി നായർക്കും എസ്. വാര്യർ എൻഡോവ്‌മെന്റ്, ജ്ഞാനജ്യോതി അവാർഡ് എന്നിവ ഡോ. പി. ദീതിയ്ക്കും, എൻ.വി.കെ. വാര്യർ എൻഡോവ്‌മെന്റ് രഘു ആർ. വർമ, എം.ഒ ആതിര മോഹൻ, സുദിർ ദേവ് എന്നിവർക്കും സമ്മാനിച്ചു. ജനറൽ മാനേജർ എച്ച്.എസ്. നാരായണൻ സ്വാഗതവും പി. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.