vote

കാസർകോട്:മഞ്ചേശ്വരം മണ്ഡലത്തിലെ വോർക്കടി പാത്തൂർ ബാക്രംബയൽ യു.പി സ്‌കൂളിലെ 42-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിന്മേൽ യുവതി അറസ്റ്റിൽ. ബദ്‌രിയ മൻസിലിൽ അബൂബക്കർ സിദ്ദീഖിന്റെ ഭാര്യ നബീസ (36)ആണ് അറസ്റ്റിലായത്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് സംഭവം. നബീസ എന്ന പേരുള്ള മറ്റൊരു സ്ത്രീയുടെ വോട്ട് രേഖപ്പെടുത്താനാണ് യുവതി എത്തിയത്. നബീസക്ക് ഈ ബൂത്തിൽ വോട്ടില്ല. മുമ്പ് ഈ ബൂത്തിൽ വോട്ടുണ്ടായിരുന്നു. താമസം മാറിയപ്പോൾ വോട്ട് മാറ്റുകയും ചെയ്തു. ഇതേ പേരിലുള്ള ആളുടെ വോട്ട് ചെയ്യാൻ പാർട്ടിക്കാർ നൽകിയ സ്ളിപ്പുുമായി ബൂത്തിൽ കയറിയപ്പോൾ എൽ.ഡി.എഫ് ഏജന്റ് തടയുകയായിരുന്നു. തുടർന്ന് പ്രിസൈഡിംഗ് ഓഫീസർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. ഇവരുടെ കൈയിൽ ബി.എൽ.ഒ നൽകിയ സ്ലിപ്പ് ഉണ്ടായാരുന്നില്ലെന്ന് തിരഞ്ഞെടുപ്പ് ക്രമസമാധാന ചുമതല വഹിക്കുന്ന കോഴിക്കോട് അസി.കമ്മിഷണർ കെ.അഷറഫ് പറഞ്ഞു.