abdul-latheef

കാസർകോട്: കവർച്ച നടത്തിയത് മൂടിവെക്കാൻ കാൻസർ രോഗിയുടെ വീട് കത്തിച്ച സംഭവത്തിൽ അയൽവാസിയെ പൊലീസ് അറസ്റ്റു ചെയ്തു. മുട്ടത്തോടി തെക്കേമൂലയിലെ അബ്ദുൽ ലത്വീഫിനെ (36)യാണ് വിദ്യാനഗർ സി ഐ വി വി മനോജ് അറസ്റ്റു ചെയ്തത്. നായന്മാർമൂല റഹ് മാനിയ നഗറിലെ പാലോത്ത് ഷിഹാബിന്റെ വീടാണ് തിങ്കളാഴ്ച കത്തിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന ഒന്നേ മുക്കാൽ ലക്ഷം രൂപയും കവർച്ച ചെയ്തിരുന്നു.

കീമോതെറാപ്പി ചെയ്യാനായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീടുപൂട്ടി മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോയതായിരുന്നു ഷിഹാബും കുടുംബവും. തിങ്കളാഴ്ച ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് വീട് കത്തിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഖുർആൻ എടുത്ത് പുറത്തുവെച്ച നിലയിലായിരുന്നു. വിദ്യാനഗർ എസ് ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

നേരത്തെ ഷിഹാബിന്റെ വീടിന് പൂട്ട് വാങ്ങിച്ചു കൊടുത്തത് ലത്വീഫായിരുന്നു. പൂട്ട് വാങ്ങിയ സമയം മൂന്ന് താക്കോൽ കിട്ടിയെങ്കിലും രണ്ടെണ്ണമാണ് ഷിഹാബിന് നൽകിയത്. മറ്റേ താക്കോൽ ഉപയോഗിച്ച് വീട്ടുകാർ ആശുപത്രിയിൽ പോയ സമയം കവർച്ചയ്ക്ക് കയറുകയായിരുന്നു.