car-glass
കേരള ലളിത കലാ അക്കാഡമിയുടെ കാറിൽ കർട്ടൻ ഉപയോഗിച്ച് ഗ്ളാസ് മറിച്ച നിലയിൽ

കണ്ണൂർ: ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന സാധാരണക്കാരുടെ വാഹനങ്ങളെ പിടികൂടി പിഴ ഈടാക്കുമ്പോൾ

സർക്കാർ ഔദ്യോഗിക വാഹനങ്ങളിൽ പലതും ഓടുന്നത് നിയമങ്ങൾ കാറ്റിൽപറത്തി. വാഹനങ്ങളുടെ ചില്ലുകളിൽ സൺകൂൾ ഫിലിം, കർട്ടൻ, വിവിധ തരത്തിലുള്ള നെറ്റുകൾ എന്നിവ ഉപയോഗിക്കാൻ പാടില്ലെന്ന് മുമ്പ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, അതെല്ലാം കാറ്റിൽപറത്തുകയാണ് പല ഔദ്യോഗിക വാഹനങ്ങളും.

വിവിധ കോർപ്പറേഷൻ, അക്കാഡമി തുടങ്ങിയവയുടെ ചില ആഡംബര കാറുകൾ ഓടുന്നതും ഉൾഭാഗം കാണിക്കാതെ മറച്ചുവച്ചുകൊണ്ടാണ്. സൺകൂൾ ഫിലിമിന് പകരം സൂര്യപ്രകാശംപോലും കടക്കാത്ത കർട്ടനുകളാണ് സർക്കാർ വകുപ്പുകളിലെയുൾപ്പെടെ ചില ഔദ്യോഗിക വാഹനങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്.

ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തവരെ തടഞ്ഞുനിറുത്തി പിഴ ഈടാക്കുമ്പോൾ ഇത്തരം വാഹനങ്ങൾക്കുനേരെ പൊലീസുകാരും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരും കണ്ണടയ്ക്കുകയാണെന്നാണ് ആക്ഷേപം.

നേരത്തെ ഇത്തരം വാഹനങ്ങളിൽനിന്ന് 500 രൂപ പിഴ ഈടാക്കി ഗ്ളാസ് മറയ്ക്കാൻ ഉപയോഗിക്കുന്ന സാധനങ്ങൾ നശിപ്പിക്കുമായിരുന്നു. പുതിയ നിയമ പ്രകാരം ഗ്ളാസ് മറച്ച് യാത്ര ചെയ്യുന്ന വാഹനങ്ങളിൽനിന്ന് 2000 രൂപയാണ് പിഴ ഈടാക്കേണ്ടത്.