തലശ്ശേരി:കരയും കടലും ഒരുപോലെ മലിനീകരിക്കുകയും സ്വാർത്ഥതക്കായി ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന വർത്തമാനകാലത്ത് മൊകേരി രാജീവ് ഗാന്ധി ഹൈസ്കൂൾ കുട്ടികൾ ആവിഷ്കരിച്ച സൗരോർജ്ജ കടൽ മാലിന്യശുചീകരണ കപ്പൽ ജില്ലാ സ്കൂൾ പ്രവൃത്തിപരിചയമേളയിൽ ശ്രദ്ധ പിടിച്ചുപറ്റി. ഒരിക്കലും മറിയാത്ത വിധം ബാലൻസിംഗ് സിസ്റ്റമടക്കമാണ് കുട്ടികൾ കപ്പലിന്റെ രൂപകല്പന നിർവഹിച്ചത്.

സൗരോർജ്ജമുപയോഗിച്ചാണ് കപ്പലിന്റെ പ്രവർത്തനം. കടലും നദികളും ശുചീകരിക്കാം. എണ്ണ മാലിന്യങ്ങളും പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളും കടലുകളെയും പുഴകളേയും ഭയാനകമാം വിധം മലിനീകരിക്കുകയും പവിഴപ്പുറ്റുകളടക്കമുള്ള ജൈവവൈവിദ്ധ്യം നശിപ്പിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ മോഡൽ അവതരിപ്പിച്ചതെന്ന് കുട്ടികൾ പറഞ്ഞു. എട്ട് മില്യൻ ടൺ ഖരമാലിന്യങ്ങൾ സമുദ്രത്തിൽ അടിയുമ്പോഴാണ് കാലീകപ്രസക്തമായ ഈ കണ്ടുപിടിത്തത്തിന്റെ അവതരണം.
പ്രളയകാലത്ത് ബോട്ടുകൾ എത്തിച്ചേരാൻ കഴിയാത്തിടത്ത് എത്തിച്ചേരാൻ കഴിയുന്ന വെള്ളത്തിലും കരയിലും സഞ്ചരിക്കുന്ന ഇരിട്ടി കിളിയന്തറ ഹൈസ്‌കൂളിലെ കുട്ടികൾ നിർമ്മിച്ച രക്ഷാവാഹനവും കൗതുകമായി.ക്യാമറയും സെൻസറും ഉൾപ്പടെയുള്ള ഈ വാഹനത്തിലുണ്ട്. കാമറയിൽ നിന്ന് ലാപ്‌ടോപ്പ് വഴി ദൃശ്യങ്ങൾ കണ്ട് രക്ഷാപ്രവർത്തനം നടത്താമെന്നതാണ് മറ്റൊരു പ്രത്യേകത.പാപ്പിനിശ്ശേരി ഹൈസ്‌ക്കൂൾ, ഗവ:ബ്രണ്ണൻ ഹൈസ്‌ക്കൂൾ എന്നിവിടങ്ങളിലെ ശാസ്ത്ര പ്രതിഭകൾ നിർമ്മിച്ച വ്യത്യസ്തങ്ങളായ സൗരോർജ്ജ വാഹനങ്ങളും പ്രവൃത്തിപരിചയമേളയിൽ ശ്രദ്ധ പിടിച്ചുപറ്റി.

ചിത്രം: തലശ്ശേരിയിൽ നടക്കുന്ന ജില്ലാ സ്കൂൾ പ്രവൃത്തിപരിചയമേളയിലെ മൊകേരി രാജീവ് ഗാന്ധി ഹൈസ്‌കൂളിന്റെ സോളാർ ശുചീകരണക്കപ്പൽ.