കണ്ണൂർ: പ്രണയ നൈരാശ്യത്തിൽ മാനസികമായി തളർന്ന് പത്ത് വർഷം മുൻപ് വീടുവിട്ടിറങ്ങിയ യുവാവിനെ കണ്ണൂരിൽ കണ്ടെത്തി. തമിഴ്‌നാട് സ്വദേശി വേലായുധൻ(35) എന്ന എഷ്യാറ്റിക് വേലായുധനെയാണ് ടൗൺ പൊലീസിന് കിട്ടിയത്. മെക്കാനിക്കൽ എൻജിനീയറും എം.ബി.എക്കാരനുമായ ഇദ്ദേഹം സിനിമാതാരം ശിവകാർത്തികേയന്റെ സഹപാഠിയായിരുന്നു. പാളയംകോട്ട് എന്ന സ്ഥലത്തു നിന്ന് 25ാം വയസിൽ വീടുവിട്ടിറങ്ങി പലയിടത്തും സഞ്ചരിച്ച് കാസർകോട്ടു നിന്ന് ചൊവ്വാഴ്ചയാണ് കണ്ണൂരിലെത്തിയത്.

കണ്ണൂർ പൊലിസ് മൈതാനിക്ക് സമീപത്തു നിന്നാണ് സി.ഐ പ്രദീപന്റെ നേതൃത്വത്തിലുള്ള സംഘം വേലായുധനെ ശ്രദ്ധിച്ചത്. ചോദ്യങ്ങൾക്കെല്ലാം ഇയാൾ ഇംഗ്ലീഷിൽ വ്യക്തമായ മറുപടി നൽകി. പരേതനായ കൊപ്ര വ്യാപാരിയുടെ മകനായ വേലായുധൻ ബിരുദത്തിന് ശേഷം മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. പിന്നാലെ ചെന്നൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പ്ലാനിംഗ് ആൻഡ് മാനേജ്‌മെന്റ് കോളജിൽ നിന്ന് എം.ബി.എ പഠനവും പൂർത്തിയാക്കി. ഇവിടെ തന്റെ സഹപാഠിയായി തമിഴ് നടൻ ശിവകാർത്തികേയൻ ഉണ്ടായിരുന്നെന്നും വേലായുധൻ പറയുന്നു. ഇതിനിടയിൽ ഇദ്ദേഹത്തിന്റെ പക്കലിൽ നിന്ന്ലഭിച്ച ഫോൺ നമ്പറിൽ സൈബർ സെല്ലിന്റെയും മറ്റും സഹായത്തോടെ തമിഴ്‌നാട്ടിലെ വീടും മേൽവിലാസവും പൊലിസ് കണ്ടെത്തി. തമിഴ്‌നാട് പൊലീസിനെയും വിവരമറിയിച്ചു. ടൗൺ സ്റ്റേഷനിൽ നിന്ന് ഇദ്ദേഹത്തെ ചാലയിലെ പ്രത്യാശ ഭവനിലേക്ക് താത്കാലികമായി മാറ്റിയിട്ടുണ്ട്.