കൂത്തുപറമ്പ്:സർക്കാർ നിയന്ത്രണത്തിൽ കൂത്തുപറമ്പിൽ പ്രവർത്തിച്ചിരുന്ന മണ്ണ് പരിശോധനാ ലാബും ചെറുവാഞ്ചേരിയിലെ മോഡൽ അഗ്രോ സർവ്വീസ് സെന്ററും അടച്ച് പൂട്ടിയ സംഭവത്തിൽ പ്രതിഷേധമുയരുന്നു. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ പൂട്ടാനിടയായ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യമാണ് ഉയർന്നുവന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ സംഭവം കേരളകൗമുദി റിപ്പോർട്ട് ചെയ്തതോടെയാണ് നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന രണ്ട് സ്ഥാപനങ്ങൾ പൂട്ടാനിടയായ കാര്യം വിവാദമായ ജനങ്ങൾക്ക് ഉപയോഗപ്പെടേണ്ട സ്ഥാപനം അടച്ചിട്ടതോടെ നാൽപത് ലക്ഷത്തോളം വിലയുള്ള കാർഷികയന്ത്രങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. അതോടൊപ്പം സ്ഥാപനത്തെ ആശ്രയിച്ച് കഴിഞ്ഞിരുന്ന 20 ഓളം കർമസേനാ അംഗങ്ങൾക്ക് ജോലിയും ഇല്ലാതായി. അതേ സമയം സ്ഥാപനത്തിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരായ ബ്‌ളോക്ക് പഞ്ചായത്ത് അധികൃതർ സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല.
2016 വരെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ അടച്ചിടാനിടയായ സംഭവത്തെപ്പറ്റി അന്വേഷണം നടത്തണം .സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകൾ നേരത്തെ ഉണ്ടായിരുന്ന സൊസൈറ്റിയിൽ നിന്നും മാറ്റിയിട്ടുണ്ട്. അതോടൊപ്പം വിലപിടിപ്പുള്ള യന്ത്രങ്ങൾ പലതും സ്ഥാപനത്തിലുണ്ടോയെന്ന കാര്യത്തിലും സംശയമുണ്ട്- രാജു എക്കാൽ (മുൻ സെക്രട്ടറി)