കാസർകോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് കർശന സുരക്ഷ ഒരുക്കിയതായി ജില്ലാ പൊലിസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു. കാസർകോട് സബ്ഡിവിഷണൽ പരിധിയിൽ ശക്തമായ പൊലിസ് സാന്നിധ്യം സജ്ജീകരിച്ചിട്ടുണ്ട്. ഇതിലേക്കായി ജില്ലാ പൊലിസിനു പുറമെ വിവിധ സേനകളിൽ നിന്നായി നാല് കമ്പനി പൊലീസിനെ കൂടി നിയോഗിച്ചു.
വോട്ടെണ്ണൽ കേന്ദ്രത്തിലും പൊലിസിന്റെ ശക്തമായ നിരീക്ഷണം ഉണ്ടായിരിക്കും. വിജയിച്ച രാഷ്ട്രീയ കക്ഷി മാത്രമേ ആഹ്ലാദ പ്രകടനം നടത്താവൂ. പൊലിസ് നിശ്ചയിക്കുന്ന റൂട്ടുകളിലുടെ മാത്രമേ പ്രകടനം നടത്താൻ പാടുള്ളു. വൈകുന്നേരം ആറു മണിക്ക് ശേഷം പ്രകടനം നടത്താൻ പാടില്ല.പ്രകടനങ്ങൾക്ക് പൊലിസിന്റെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങണം ഗുഡ്‌സ്‌കാര്യേജ് വാഹനങ്ങൾ, ഓപ്പൺ ലോറികൾ തുടങ്ങിയവയിൽ ആൾക്കാരെ കൊണ്ടുപോകുന്നതും പ്രകടനങ്ങൾ നടത്തുന്നതും അനുവദനീയമല്ല. അത്തരം വാഹനങ്ങളുടെ പെർമ്മിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കും.ആഹ്‌ളാദപ്രകടനങ്ങൾ അതിരുകവിയാൻ പാടില്ല. പ്രകടനത്തിനിടെയോ മറ്റോ ആക്രമണങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും.ഗതാഗത തടസവും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടും ഉണ്ടാകാൻ ഇടവരാത്ത രീതിയിൽ പ്രകടനങ്ങൾ നടത്താൻ പ്രത്യേകം ശ്രദ്ധിക്കണം.മോട്ടോർ സൈക്കിൾ റാലി അനുവദനീയമല്ല.