kamarudeen

ജനസേവനത്തിന്റെ വഴിയിൽ ലാളിത്യവും വിനയവുമാണ് മഞ്ചേശ്വരത്ത് യു.ഡി.എഫിന്റെ മുന്നേറ്റ നായകനായ എം സി ഖമറുദ്ദീന്റെ മുഖമുദ്ര. പാണക്കാട് തങ്ങൾ കുടുംബത്തിന്റെ വിശ്വസ്തൻ. ഏതു കാര്യവും തങ്ങളുടെ അനുഗ്രഹം വാങ്ങിച്ചു മാത്രം തുടങ്ങും. പ്രസംഗത്തിനപ്പുറം വേദികളിൽ പാട്ടുപാടി അണികളെ കൈയിലെടുക്കുന്ന നേതാവ്. മാപ്പിളപ്പാട്ട് ഗായകൻ!

1981 ൽ ജന്മനാടായ പടന്നയിലെത്തിയ അന്നത്തെ ഉപമുഖ്യമന്ത്രി സി എച്ച് മുഹമ്മദ്‌കോയയ്ക്ക് നാടിനു വേണ്ടി ഒരു നിവേദനം നൽകിയതോടെയാണ് ഖമുറുദ്ദീന് രാഷ്‌ട്രീയാവേശം കയറിയത്. അക്കാലത്ത് എം എസ് എഫ് അവിഭക്ത കണ്ണൂർ ജില്ലാ പ്രസിഡന്റ് ആണ് ഖമറുദ്ദീൻ. 1980 ൽ തൃക്കരിപ്പൂർ കവ്വായിൽ ഒരു പരിപാടിയിൽ അടിപൊളി പ്രസംഗം കേട്ടാണ് സി എച്ചും സീതിഹാജിയും ഖമറുദ്ദീനെ അനുഗ്രഹിച്ചത്. ഗുരുതുല്യനായ സി എച്ചിന്റെ അനുഗ്രഹം ഖമറുദ്ദീന്റെ മനസ്സിൽ ഇന്നും മായാത്ത ഓർമ്മ.

1980 ൽ ചെർക്കളം അബ്ദുള്ള മഞ്ചേശ്വരത്ത് മത്സരിക്കുൾ ഖമറുദ്ദീൻ മുഖ്യ പ്രസംഗകൻ. തുടർന്നുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും നിഴലായി തനിക്കൊപ്പമുണ്ടായിരുന്ന യുവനേതാവിനെ ചെർക്കളം മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറിയാക്കി. ചെർക്കളത്തിന്റെ മരണശേഷം, അദ്ദേഹം വഹിച്ചിരുന്ന ജില്ലാ പ്രസിഡന്റ് സ്ഥാനവും യു ഡി എഫ് ചെയർമാൻ സ്ഥാനവും ഖമറുദ്ദീനിലേക്ക് വന്നുചേർന്നത് വിധിനിയോഗം.

1970 കാലഘട്ടത്തിൽ പടന്ന എം.ആർ.വി.എച്ച്.എസ്.എസിൽ പഠിക്കുമ്പോൾ എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവേശനം. 1980- 81 വർഷത്തിൽ തളിപ്പറമ്പ് സർ സയിദ് കോളജ് വിദ്യാർത്ഥിയായിരിക്കെ സ്റ്റുഡന്റ് എഡിറ്റർ. പിന്നെ, കലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ എക്‌സിക്യുട്ടീവ് അംഗം, അവിഭക്ത കണ്ണൂർ ജില്ലാ എം.എസ്.എഫ് പ്രസിഡന്റ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങൾ.

തൃക്കരിപ്പൂർ ഡിവിഷനിൽ നിന്ന് വിജയിച്ച് 1995 മുതൽ 2000 വരെ കാസർകോട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആയിരുന്നു. കുമ്പള ഡിവിഷനിൽ നിന്ന് 2005 മുതൽ 2010 വരെ ജില്ലാ പഞ്ചായത്ത് അംഗം. യു.ഡി.എഫ് ഭരണകാലത്ത് മലബാർ സിമന്റ്‌സ് ഡയറക്ടർ, കരകൗശല വികസന കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചു.

പടന്ന എടച്ചാക്കൈയിലെ പരേതനായ എ.സി മുഹമ്മദ് കുഞ്ഞി ഹാജിയുടെയും എം.സി മറിയുമ്മയുടെയും മകനാണ്. ഭാര്യ: എം.ബി. റംലത്ത്. മക്കൾ: ഡോ. മുഹമ്മദ് മിദ്‌ലാജ്, മുഹമ്മദ് മിൻഹാജ്, മറിയംബി, മിൻഹത്ത്.