കാസർകോട്:മഞ്ചേശ്വരത്ത് 2016 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച് കുഞ്ഞമ്പുവിന് ലഭിച്ച വോട്ടുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ശങ്കർറൈക്ക് 4332 വോട്ടിന്റെ കുറവ് വന്നു. ഇത്രയും വോട്ടുകൾ എങ്ങോട്ട് പോയെന്ന ചോദ്യമാണ് നേതൃത്വം നേരിടുന്നത്.

2016 ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന പി ബി അബ്ദുൽ റസാഖിന് 56870 വോട്ടും ,സി .എച്ച് കുഞ്ഞമ്പുവിന് 42565 വോട്ടും ബി. ജെ പിയിലെ കെ സുരേന്ദ്രന് 56781വോട്ടുമാണ് ലഭിച്ചത്.അബ്ദുൽ റസാഖിന് ലഭിച്ചതിനെനെക്കാൾ 8537 വോട്ടുകൾ അധികം ഇത്തവണ ഖമറുദ്ദീന് ലഭിച്ചു. കെ സുരേന്ദ്രന് ലഭിച്ചതിനെക്കാൾ 703 വോട്ടുകൾ രവീശ തന്ത്രിക്ക് കൂടി. എൽ. ഡി. എഫിന്റെ കേഡർ വോട്ടുകളിൽ ചോർച്ചയുണ്ടായോ എന്നാണ് പരിശോധിക്കുന്നത്.

കഴിഞ്ഞ തവണ യു.ഡി.എഫിനോട് 89 വോട്ടിന്റെ കുറവിനാണ് ബി.ജെ.പി പരാജയപ്പെട്ടത്. ഇത്തവണ നിസാര വോട്ടുകൾ കൂടിയത് ബി.ജെ.പിക്ക് ആശ്വാസം പകരുന്നില്ല. എന്നാൽ, 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം നിലനിറുത്താൻ ഖമറുദ്ദീന് കഴിഞ്ഞില്ല. 2810 വോട്ടിന്റെ കുറവുണ്ടായി എന്നാൽ ആ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യമ്പോൾ 5437 വോട്ട് കൂടുതൽ കിട്ടിയതിൽ ഇടതുമുന്നണിക്ക് ആശ്വസിക്കാം. അതേസമയം ലോക് സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച രവീശ തന്ത്രി തന്നെ വീണ്ടും മത്സരിച്ചിട്ടും 380 വോട്ടുകൾ മാത്രമാണ് അധികം നേടാൻ കഴിഞ്ഞതെന്ന ക്ഷീണം ബി.ജെ.പിക്കുമുണ്ട്.സ്ഥാനാർത്ഥി നിർണയത്തെ തുടർന്ന് തുടക്കത്തിൽ ചില അസ്വാരസ്യങ്ങൾ ലീഗിലുണ്ടായിരുന്നെങ്കിലും എം സി ഖമറുദ്ദീന്റെ വിജയത്തെ ബാധിക്കുന്ന ഘടകമായി അത് മാറിയില്ല.