തലശ്ശേരി: കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ മരണങ്ങളുടെ ചുരുളുകൾ പൊലീസ് ഒന്നൊന്നായി അഴിക്കുമ്പോൾ ഇപ്പോഴും ദുരൂഹതയുടെ പുകമറയിൽ നിൽക്കുകയാണ് കേരള മന:സാക്ഷിയെ ഞെട്ടിച്ച പിണറായി കൂട്ടക്കൊലക്കേസ്. മുഖ്യപ്രതി ജയിലിൽ ആത്മഹത്യ ചെയ്തെങ്കിലും ഇപ്പോഴും സംഭവത്തിന്റെ ചുരുളുകൾ പൂർണമായും അഴിഞ്ഞിട്ടില്ല. പടന്നക്കരയിലെ സൗമ്യയാണ് സ്വന്തം മാതാപിതാക്കളെയും മകളെയും ഭക്ഷണത്തിൽ വിഷം കലർത്തി നല്കി കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയവേ മരക്കൊമ്പിൽ സ്വന്തം ജീവിതം അവസാനിപ്പിച്ചത്.
കൂട്ടക്കൊലയിൽ തനിക്കല്ലാതെ മറ്റൊരാൾക്കും പങ്കില്ലെന്നായിരുന്നു സൗമ്യയുടെ നിലപാട്. എന്നാൽ, അന്വേഷണം നടക്കവെ പലരുമായുമുള്ള സൗമ്യയുടെ ബന്ധങ്ങൾ ഏറെ ചർച്ചയായിരുന്നു. ചിലരെയൊക്കെ പൊലീസ് ചോദ്യംചെയ്യുകയും ചെയ്തു. 2018 ജനുവരി 21 നാണ് സൗമ്യയുടെ മകൾ ഐശ്വര്യ കൊല്ലപ്പെടുന്നത്. ഛർദ്ദിയുൾപ്പെടെ അസ്വസ്ഥതകളുമായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. അജ്ഞാത രോഗമാണെന്നാണ് അന്ന് നാട്ടുകാരെല്ലാം വിശ്വസിച്ചത്. മാർച്ച് 7ന് മാതാവ് കമലയും ഏപ്രിൽ 13ന് പിതാവ് കുഞ്ഞിക്കണ്ണനും സമാന ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടശേഷം മരിച്ചു.
പിതാവിന്റെ മരണശേഷം കിണറിലെ വെള്ളത്തിന്റെ കുഴപ്പമാണ് മരണകാരണമെന്ന് സൗമ്യ പ്രചരിപ്പിച്ചതാണ് കുരുക്കായത്. വെള്ളം പരിശോധിച്ച പൊലീസ് സംശയങ്ങളുമായി സൗമ്യയെ നിരീക്ഷിച്ചു. ഒടുവിൽ സൗമ്യയും അസ്വസ്ഥതകളോടെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഏപ്രിൽ 24ന് അവർ അറസ്റ്റിലായി. 2012ൽ മരണപ്പെട്ട സൗമ്യയുടെ ഇളയമകൾ കീർത്തനയുടേത് ഉൾപ്പെടെ നാല് മരണങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി.
ഇത്തരമൊരു കൂട്ടക്കൊലയ്ക്ക് പിന്നിൽ സൗമ്യ മാത്രമായിരിക്കില്ലെന്ന സംശയം തുടക്കം മുതൽ ഉയർന്നിരുന്നു. ജയിലിൽ വച്ചുള്ള സൗമ്യയുടെ മരണശേഷവും നാട്ടുകാരിൽ ഇത്തരം സംശയങ്ങൾ നിലനിൽക്കുകയാണ്. കഴിഞ്ഞ വർഷം സെപ്തംബറിൽ അന്നത്തെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. എന്നാൽ, തുടക്കത്തിൽ ചില ചൂടൻ നീക്കങ്ങൾ നടത്തിയ ക്രൈംബ്രാഞ്ച് അന്വേഷണം വൈകാതെ തണുത്തു.
സ്വന്തം ഇഷ്ടത്തിനൊത്ത് ജീവിക്കാൻ വീട്ടിലെ ഉറ്റബന്ധുക്കൾ തടസമായപ്പോഴാണ് സൗമ്യ അവരെ ഭക്ഷണത്തിൽ എലിവിഷം കലർത്തി കൊലപ്പെടുത്തിയതെന്ന് മാത്രമാണ് ഈ കേസിൽ വെളിവായത്. ഇതുതന്നെയാണ് പൊന്നാമറ്റത്തുമുണ്ടായത്. ഈ സംഭവത്തെക്കുറിച്ച് കേട്ടപ്പോൾ മലയാളികൾ ആദ്യം ഓർത്തത് പിണറായി കേസാണ്. സൗമ്യയുടെ മകൾ പഠനത്തിലും കലകളിലും മിടുക്കിയായിരുന്നു. വിഷം നൽകുന്നതിന് മുമ്പ് കുട്ടിയുടെ നൂറിലേറെ ഫോട്ടോകൾ ലാമിനേറ്റ് ചെയ്ത് വയ്ക്കാൻ സൗമ്യ കടയിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ, സൗമ്യയ്ക്കല്ലാതെ ഈ കൊലകളെക്കുറിച്ച് മറ്റാർക്കെങ്കിലും അറിവുണ്ടായിരുന്നോയെന്ന ചോദ്യം സൗമ്യയോടൊപ്പം മറയുകയാണ്.