മട്ടന്നൂർ: ചാലോട് എടയന്നൂരിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. എടയന്നൂർ സ്വദേശി അനുദീപ് (22) ആണ് മരിച്ചത്.എടയന്നൂർ ഹയർസെക്കൻഡറി സ്കൂളിന് സമീപം കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് അപകടം. ബൈക്ക് മറിഞ്ഞ് അനുദീപ് തോട്ടിലേക്ക് വീഴുകയായിരുന്നു. റോഡരികിൽ ബൈക്ക് കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് അനുദീപിനെ കണ്ടെത്തിയത്. എടയന്നൂരിൽ നിന്ന് ചാലോടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.ശക്തമായ മഴയുള്ളപ്പോൾ ഏതെങ്കിലും വാഹനം ഇടിച്ചുതെറിപ്പിച്ചതാണോ അപകടത്തിന് കാരണമെന്നും സംശയിക്കുന്നു. കണ്ണൂർ കോളെജ് കൊമേഴ്സ് രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയാണ് അനുദീപ്. എടയന്നൂർ മോടോപ്രത്ത് പ്രസാദത്തിൽ സി വി ദിലീപ്കുമാറിൻ്റെയും പ്രസന്നയുടെയും ഏകമകനാണ്. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു.