jefin

ഇരിട്ടി\കാസർകോട്: കനത്ത മഴയിലും കാറ്റിലും വടക്കേ മലബാറിൽ കനത്ത നാശം.പലയിടത്തും വീടുകൾ തകരുകയും വൈദ്യുതി വിതരണവും ഗതാഗതവും തകരാറിലാവുകയും ചെയ്തു. ഇരിട്ടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണ് യുവാവ് മരിച്ചു. ഉളിക്കൽ വട്ടിയാംതോട്ടിലെ പള്ളുരുത്തിൽ മാത്യുവിന്റെ മകൻ ജെഫിൻ.പി.മാത്യു (29) ആണ് മരിച്ചത്. ഉളിക്കൽ റോഡിൽ ചെട്ടിയാർ പീടികയ്ക്കു സമീപം ഇന്നലെ വൈകിട്ട് 4നായിരുന്നു അപകടം.

റോഡരികിലെ ഉണങ്ങിയ മരം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജെഫിന്റെ തലയിലേക്ക് വീഴുകയായിരുന്നു. ഹെൽമറ്റ് അടക്കം ചിന്നിച്ചിതറിയ നിലയിലായിരുന്നു. ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആമസോൺ പാർസൽ സർവീസിൽ ജോലി ചെയ്തുവരികയായിരുന്നു ജെഫിൻ. ഭാര്യ: സൗമ്യ (എടൂർ സെന്റ്‌ മേരീസ് എൽ. പി. സ്‌കൂൾ അദ്ധ്യപിക). മക്കൾ: റിയ, ക്രിസ്റ്റി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളേജലേക്ക് മാറ്റി. സംസ്‌കാരം പിന്നീട് മണിക്കടവ് സെന്റ് തോമസ് പള്ളി സെമത്തേരിയിൽ.

കലോത്സവ വേദി തകർന്നു

കൊളത്തൂരിൽ ആരംഭിച്ച കാസർകോട് ഉപജില്ലാ കലോത്സവത്തിന്റെ പ്രധാന വേദി

ഇന്നലെ ഉച്ചയോടെ കാറ്റിൽ തകർന്നുവീണു. വ്യാഴാഴ്ച വൈകിട്ടുണ്ടായ കാറ്റിലും മഴയിലും കലോത്സവ പന്തൽ ചെറിയതോതിൽ തകർന്നിരുന്നു. പുതുക്കി കെട്ടിയ പന്തലാണ് ഇന്നലെ പൂർണമായി തകർന്നത്. സംഭവം നടക്കുമ്പോൾ ഹാളിനകത്തായിരുന്നു പരിപാടികൾ. പന്തൽ തകർന്നതോടെ മത്സര പരിപാടികൾ മാറ്റിവച്ചു.