തലശ്ശേരി: ഭർത്താവിനെയും പത്തുവയസുകാരിയായ മകളെയും ഉപേക്ഷിച്ച് മുങ്ങിയ വീട്ടമ്മയ്ക്കും കാമുകനും വേണ്ടി ധർമ്മടം പൊലീസ് ചെന്നൈയിൽ.കഴിഞ്ഞ 18 ന് കാണാതായ യുവതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.
നേരത്തെ തലശ്ശേരി സ്വദേശിയായ ഭർത്താവിന്റെ പരാതിയെ തുടർന്ന് കമിതാക്കൾ ധർമ്മടം പൊലീസിൽ ഹാജരായിരുന്നു. കാമുകന്റെ കൂടെ പോകാനാണ് താൽപര്യമെന്ന് അറിയിച്ച വീട്ടമ്മയെ കോടതി അനുവദിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇരുവരും തലശ്ശേരിയിൽ നിന്നും മുങ്ങിയിരുന്നു.
പിന്നാലെ നിയമപ്രകാരം മകളെ സംരക്ഷിക്കേണ്ട ബാദ്ധ്യതയുള്ള അമ്മക്കെതിരെയും ഇതിന് പ്രേരണ നൽകിയ കാമുകനെതിരെയും കേസെടുക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ് ജെ.എഫ്.സി.എം.കോടതിയെ സമീപിച്ചു. തുടർന്ന് ജുവനൈൽ ജസ്റ്റിസ് ആക്ട് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ) പ്രകാരം യുവതിക്കെതിരെ കോടതി നിർദ്ദേശപ്രകാരം ധർമ്മടം പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കമിതാക്കൾ ചെന്നൈയിലുളളതായി അറിഞ്ഞത് .