 ഒരു പൈസയുടെ വ്യത്യാസം വന്നതിനും വ്യാപാരിക്ക് നോട്ടീസ്

കാസർഗോഡ്: മൂല്യവർദ്ധിത നികുതിയുടെ (വാറ്റ്) കാലത്തെ കണക്കിലെ ചെറിയ വ്യത്യാസത്തിനും പോലും നികുതിയും പിഴയും അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾക്ക് സംസ്ഥാന ചരക്കു-സേവന നികുതി വകുപ്പ് നോട്ടീസ് അയയ്ക്കുന്നതിന് പിന്നിലെ കാരണം സോഫ്‌റ്ര്‌വെയറിന്റെ തകരാറെന്ന് വിശദീകരണം. വാറ്രിന്റെ കാലത്തെ സോഫ്‌റ്ര്‌വെയർ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഇതാണ്, അവ്യക്തമായ കണക്കുകൾക്ക് കാരണമെന്നാണ് അധികൃതർ പറയുന്നത്.

സോഫ്‌റ്ര്‌വെയർ പ്രശ്‌നംമൂലം നികുതി പിരിവും മുടങ്ങിയിട്ടുണ്ട്. ഏഴുവർഷം മുമ്പത്തെ കണക്കുകൾ കാട്ടിയാണ് ഇപ്പോൾ വ്യാപാരികൾക്ക് നോട്ടീസ് അയയ്ച്ചു ബുദ്ധിമുട്ടിക്കുന്നത്. ഒരുപൈസ മുതൽ 25 കോടി രൂപയുടെ വരെ വ്യത്യാസം വന്നവർക്കാണ് നോട്ടീസ് ലഭിച്ചത്. ഹൊസ്ദുർഗിലെ ഒരു വ്യാപാരിക്ക് ലഭിച്ചത് 2.33 കോടി രൂപയുടെ കണക്കിൽപ്പെടാത്ത സാധനങ്ങൾ സൂക്ഷിക്കുകയും വില്പന നടത്തുകയും ചെയ്തതിന് 18 ശതമാനം നിരക്കിൽ പിഴയടയ്‌ക്കണമെന്ന നോട്ടീസാണ്. മാവേലിക്കരയിലെ ഒരു വ്യാപാരിക്ക് ലഭിച്ച നോട്ടീസിലെ ആവശ്യം കണക്കിൽ 1.14 രൂപയുടെ വ്യത്യാസം ചോദ്യം ചെയ്‌താണ്.

ജി.എസ്.ടി നിലവിൽ വന്നിട്ട് രണ്ടുവർഷത്തിലേറെയായി. ജി.എസ്.ടിക്ക് അനുബന്ധമായ മാറ്റങ്ങൾ ഇനിയും സോഫ്‌റ്ര്‌വെയറിൽ അപ്‌ഡേറ്റ് ചെയ്‌തിട്ടില്ലെന്നും അധികൃതർ പറയുന്നു. 2011ലെ നോട്ടീസാണ് ഇപ്പോൾ വ്യാപാരികൾക്ക് ലഭിക്കുന്നത്. 2019ലെ നോട്ടീസ് കിട്ടാൻ 2025 ആകുമെന്ന് വ്യാപാരികൾ പറയുന്നു. അതേസമയം, വ്യാപാരമേഖലയെ തകർക്കുന്ന ഇത്തരം 'വിചിത്ര" നോട്ടീസുകൾ പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. 29ന് സംസ്‌ഥാന വ്യാപകമായി കടകൾ അടച്ചിട്ട് സമരം നടത്തുമെന്നും സമിതി വ്യക്തമാക്കി.