കണ്ണൂർ: 1857 ലെ സമരത്തെ ഫസ്റ്റ് വാർ ഓഫ് ഇൻഡിപെൻഡൻസ് എന്ന് വിശേഷിപ്പിച്ച കാൾ മാർക്‌സിനാണ് ഭാരതരത്നം നൽകേണ്ടതെന്ന് കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. കെ.ജി പൗലോസ് പറഞ്ഞു. കണ്ണൂരിൽ നടക്കുന്ന ഭാരതീയം ദേശീയ സെമിനാറിൽ ഭാരതീയ വൈജ്ഞാനിക പഠനത്തിൽ എൻ.ഇ ബാലറാമിന്റെ സംഭാവന എന്ന വിഷയത്തിൽ പ്രബന്ധാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
ചരകനും ശുശ്രുതനും ഉണ്ടാക്കിയ വൈദ്യശാസ്ത്രവും ആര്യഭടനും ഭാസ്‌കരനും ഉണ്ടാക്കിയ ജ്യോതിശാസ്ത്രവുമൊക്കെയാണ് ഭാരതത്തിന്റെ പേര് ലോകത്തിന്റെ മുന്നിലെത്തിച്ചത്. എന്നാൽ പുഷ്പക വിമാനത്തിന്റെയും ഗണപതി പ്ലാസ്റ്റിക് സർജറി ചെയ്തതിന്റെയും മഹാഭാരത കാലത്ത് ഇന്റർനെറ്റ് ഉണ്ടായിരുന്നെന്നതിന്റെയും ബഡായികളാണ് സംഘപരിവാർ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രാചീന ദർശനങ്ങളെക്കുറിച്ച് പഠിക്കാൻ അഖിലേന്ത്യാ തലത്തിൽ കൊസാമ്പി, ചതോബാദ്ധ്യായ തുടങ്ങിയവരും കേരളത്തിൽ ഉണ്ണിരാജ, കെ. ദാമോദരൻ, കെ.എൻ എഴുത്തച്ഛൻ, ഇ.എം.എസ് തുടങ്ങിയവരൊക്കെ ഉണ്ടായിരുന്നു. ഇക്കൂട്ടത്തിൽ പ്രമുഖ സ്ഥാനമാണ് എൻ.ഇ ബാലറാമിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. കെ ജി പൗലോസ്, പഞ്ചാംഗം പബ്ലിക്കേഷൻസ് ഡയറക്ടർ ഡോ. പി.വി രാമൻകുട്ടി, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വേദാന്തം പ്രൊഫസർ ഡോ. എ.പി ഫ്രാൻസിസ്, വകുപ്പ് അദ്ധ്യക്ഷ ഡോ. കെ. മുത്തുലക്ഷ്മി, സൂഫി ചിന്തകൻ ഇ.എം ഹാഷിം, തൃശ്ശൂർ അച്യുതമേനോൻ ഗവ. കോളേജ് അസി. പ്രൊഫസർ ഡോ. പി.എസ് മനോജ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. എൻ. ശ്രീകുമാർ ആമുഖ പ്രഭാഷണം നടത്തി. സി.എൻ ചന്ദ്രൻ, അഡ്വ. പി. സന്തോഷ്‌കുമാർ, ഒ.കെ ജയകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. ഇന്ന് രാവിലെ റബ്‌കോ ഓഡിറ്റോറിയത്തിൽ ഭാരതീയ ദർശനങ്ങളുടെ ജനപക്ഷ സദസ് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ശിക്ഷക് സദനിൽ സെമിനാർ തുടരും. വൈകീട്ട് സമാപിക്കും.