കാസർകോട്: സർക്കാർ ശ്രദ്ധപതിപ്പിച്ചാൽ മാത്രമേ ഏറെ പിന്നോക്കം കിടക്കുന്ന മഞ്ചേശ്വരം മണ്ഡലം രക്ഷപ്പെടുകയുള്ളുവെന്ന് നിയുക്ത എം.എൽ.എ എം.സി ഖമറുദ്ദീൻ പറഞ്ഞു. കാസർകോട് പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാന ജീവിതവും
സാംസ്‌കാരിക പൈതൃകവും നിലനിൽക്കുന്ന മണ്ഡലത്തെ രക്ഷിക്കാൻ എല്ലാവരും കൈകോർക്കണം. ആരെങ്കിലും വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ അതിനെ മുളയിലേ നുള്ളണം. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തികൊണ്ടുവരുന്നതിന് സമഗ്ര പദ്ധതികൾ നടപ്പിലാക്കണം. മഞ്ചേശ്വരത്ത് മതനിരപേക്ഷതക്ക് അനുകൂലമായ വോട്ടുകളെ ഭിന്നിപ്പിക്കാൻ സി പി എം ശ്രമിച്ചു. ഫാസിസത്തിനെതിരെ
നിലകൊണ്ടത് യു ഡി എഫ് ആണ്. സി പി എം നിലപാട് തള്ളിക്കൊണ്ട് വോട്ടർമാർ മതനിരപേക്ഷതക്ക് അംഗീകാരം നൽകി. കേരള, കർണാടക അതിർത്തി പ്രദേശമായതിനാൽ മഞ്ചേശ്വരം മണ്ഡലത്തിൽ സർക്കാരിന്റെ പ്രത്യേക പരിഗണന വേണമെന്ന് നിയമസഭയിൽ ഉന്നയിക്കും. മഞ്ചേശ്വരത്തെ ജനങ്ങൾക്ക് വർഗീയതയില്ല. ചിലർ വർഗീയതയുണ്ടാക്കാൻ ശ്രമിക്കുകയാണ്.
മുൻ എം എൽ എ, പി ബി അബ്ദുർ റസാഖിന്റെ വികസന പിൻതുടർച്ചയ്ക്കായി ശ്രമം നടത്തും. ഭാഷാ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളിലടക്കം ഇടപെട്ട് സഹായം ചെയ്യുമെന്നും ഖമറുദ്ദീൻ പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുർ റഹ് മാൻ, മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസ് എന്നിവരും പങ്കെടുത്തു.