കാസർകോട്: മുസോടി, കോയിപ്പാടി കടപ്പുറങ്ങളി കടൽക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുന്നതിനായി കോയിപ്പാടിയിൽ ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കും. ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ അടിയന്തര യോഗത്തിൽ തീരുമാനമായി.
ഫ്‌ളാറ്റ് നിർമ്മിക്കുന്നതിന് കോയിപ്പാടിൽ ഫിഷറീസ് വകുപ്പിന്റെ കൈവശമുള്ള 1.75 ഏക്കർ സ്ഥലം കണ്ടെത്തിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. വി .സതീശൻ അറിയിച്ചു. 25 കുടുംബങ്ങൾക്ക് താമസിക്കാവുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ എസ്റ്റിമേറ്റടക്കമുള്ള പ്രോജക്ട് നവംബർ 2നകം സമർപ്പിക്കാൻ ജില്ലാ നിർമ്മിതി കേന്ദ്രത്തിന് നിർദേശം നൽകി. അടിയന്തിര സാഹചര്യമായതിനാൽ പ്രത്യേക ദൂതൻ വഴി ഫിഷറീസ് ഡയറക്ടർക്ക് നേരിട്ട് സമർപ്പിച്ച് പ്രവർത്തനങ്ങൾ വേഗത്തിലാക്കും.
മുസോടി, നാങ്കി, കൊപ്പളം, ചേരങ്കൈ എന്നീ കടപ്പുറങ്ങളിലെ കടലാക്രമണം തടയുന്നതിന് ജിയോ ബാഗുകൾ വാങ്ങി വിന്യസിക്കുന്നതിന് 10 ലക്ഷം രൂപ മേജർ ഇറിഗേഷൻ എക്‌സിക്യുട്ടീവ് എൻജിനീയർക്ക് അനുവദിച്ചിരുന്നെങ്കിലും തുടർ നടപടി സ്വീകരിക്കാത്തതിനാൽ വിശദീകരണം ചോദിച്ച് മെമ്മോ നൽകാൻ യോഗം തീരുമാനിച്ചു. അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റുന്നതിന് ആവശ്യമായ ഉപകരണങ്ങളുടെ കുറവുള്ളതായി അഗ്‌നിരക്ഷാ സേന വിഭാഗം അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ ദുരന്തനിവാരണ പ്ലാൻ ഫണ്ട് ഉപയോഗിച്ച് രണ്ട് ചെയിൻ സോ വാങ്ങാൻ യോഗം തീരുമാനിച്ചു. കാസർകോട്, കാഞ്ഞങ്ങാട് ആശുപത്രികളിൽ എമർജൻസി റെസ്‌പോൺസ് ടീം സജ്ജമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രതിനിധി യോഗത്തെ അറിയിച്ചു.
സൗജന്യ റേഷൻ
കാസർകോട്: കടൽക്ഷോഭം നേരിടുന്ന മത്സ്യത്തൊഴിലാളികൾക്ക് ഏഴ് ദിവസത്തേക്ക് റേഷൻ അനുവദിക്കാൻ യോഗം തീരുമാനിച്ചു. ഇതിനായി ജില്ലാ സപ്ലൈ ഓഫീസർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരെ ചുമതലപ്പെടുത്തി. ആനുകൂല്യങ്ങൾക്ക് അർഹരായ മത്സ്യത്തൊഴിലാളികളുടെ പട്ടിക തയ്യാറാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഇന്നു തന്നെ കളക്ടർക്ക് വിശദീകരണം നൽകും.