കാസർകോട് : ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ കാറ്റും മഴയും കാസർകോട് ജില്ലയിൽ കനത്ത നാശം വിതച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. പരക്കെ കൃഷിനാശവുമുണ്ടായി. തീരദേശം കടലാക്രമണത്തിന്റെ പിടിയിലാണ്.

മൂസോടി കടപ്പുറത്താണ് രൂക്ഷമായ കടലാക്രമണം നേരിടുന്നത്. ഇവിടെ ഫ്രഞ്ച് പൗരന്റെ ഔട്ട് ഹൗസ് തകർന്നു. ഇന്നലെ രാവിലെ മുതലാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി കടൽ ക്ഷോഭം രൂക്ഷമായത്. മത്സ്യത്തൊഴിലാളി ഹസൈനാറിന്റെ വീട് അപകട ഭീഷണിയിലാണ്. രണ്ട് മാസം മുമ്പുണ്ടായ കടൽ ക്ഷോഭത്തിൽ ഇവിടെ പത്തോളം വീടുകളും പള്ളിയും തകർന്നിരുന്നു. നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. എന്തും സംഭവിക്കാമെന്ന ഭീതിയോടെയാണ് പല കുടുംബങ്ങളും കഴിയുന്നത്. നേരത്തെ ഉണ്ടായ കടൽ ക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ടവർ ഇപ്പോഴും ബന്ധുവീട്ടിലും മറ്റുമാണ് കഴിയുന്നത്. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കടൽഭിത്തികൾ തകർന്നിട്ടുണ്ട്.

അജാനൂർ കടപ്പുറത്ത് കുട്ടികളുമായി കടൽകാണാനെത്തിയ എത്തിയ ദമ്പതികളുടെ നാലുവയസുള്ള കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കടലോരത്ത് നിൽക്കുകയായിരുന്ന ഇവരുടെ അടുത്തേക്കു പൊടുന്നനെ തിരയടിച്ചു വന്നു. നിന്നയിടത്തെ മണ്ണടക്കം തിരയെടുത്തു. രക്ഷിതാവിന്റെ കൈയിൽ നിന്നും പിടിവിട്ട കുട്ടിയെ ഭാഗ്യം കൊണ്ടാണ് തിരികെ കിട്ടിയത്.

കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിൽ നെല്ലിക്കുന്ന് മൊഹിയുദ്ദീൻ ജുമാമസ്ജിദ് റോഡിൽ കൂറ്റൻ ആൽമരം കടപുഴകി വീണ് പ്രദേശത്തെ ഏഴ് വൈദ്യുതി തൂണുകൾ നിലംപൊത്തി. സംഭവ സമയത്ത് റോഡിൽ വാഹനങ്ങൾ ഒന്നും ഇല്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി.. കെ എസ് ഇ ബി അധികൃതരുടെ നേതൃത്വത്തിൽ തൂണുകളും വയറുകളും മാറ്റി വരികയാണ്. കാസർകോട് നെല്ലിക്കുന്ന് സെക്ഷൻ പരിധിയിൽ പൂർണമായും വൈദ്യുതി മുടങ്ങി. ചെർക്കള-ജാൽസൂർ അന്തർസംസ്ഥാന പാതയിൽ കൂറ്റൻ മരം വീണ് ഏറെ നേരം ഗതാഗതം മുടങ്ങി. കുറ്റിക്കോലിൽ നിന്നെത്തിയ ഫയർഫോഴ്‌സും ആദൂർ പൊലീസും നാട്ടുകാരും ചേർന്ന് മരം നീക്കുകയായിരുന്നു. എൻമകജെ മലത്തടുക്കയിൽ കുന്നിടിഞ്ഞ് മണ്ണ് വീണ് ഗംഗാധര ഗൗഡയുടെ ഓട് പാകിയ വീട് തകർന്നു. ചുമരിന് വിള്ളൽ വീണു.