പയ്യന്നൂർ: ലോകത്തിന് തന്നെ മാതൃകയായ സംസ്ഥാന സഹകരണ മേഖലയെ താത്കാലിക ലക്ഷ്യം മാത്രം മുന്നിൽ കണ്ട് കേരള ബാങ്ക് രൂപീകരിച്ച് സർക്കാർ തകർക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു സാധാരണക്കാരനും കർഷകനും അവസാന ആശ്രയമായിരുന്നു കേരളത്തിലെ സഹകണമേഖല.
ജില്ലാ ബാങ്കുകളെ ലയിപ്പിച്ചുള്ള കേരള ബാങ്ക് രൂപീകരണത്തോടെ അതും ഇല്ലാതാവുകയാണ്.
രണ്ട് ദിവസങ്ങളിലായി പയ്യന്നൂരിൽ നടക്കുന്ന കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻ ചാണ്ടി.
സർക്കാറിന് വേണമെങ്കിൽ നിക്ഷേപം സമാഹരിച്ച് പുതിയ ബാങ്ക് തുടങ്ങാമായിരുന്നു എന്നാൽ ഡെപ്പോസിറ്റ് ലക്ഷ്യം വച്ച് മാത്രമാണ് പുതിയ നീക്കം. ഇത് സഹകരണ മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതം
സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അസോസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആര്യാടൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ.സി.ജോസഫ് മുഖ്യാതിഥിയായിരുന്നു.എം.പി.ജാക്‌സൺ, അഡ്വ: സോണി സെബാസ്റ്റ്യൻ , എം.വി.ശ്രീധരൻ മാസ്റ്റർ, എം.പി.ഉണ്ണികൃഷ്ണൻ, കെ.പി.അബ്ദുൾ മജീദ്,രജനി രമാനന്ദ്, എം.പി.മുരളി, റിജിൽ മാക്കുറ്റി, അഡ്വ: ഡി.കെ.ഗോപിനാഥ്, കെ.ജയരാജ്, ജമീല കോളയത്ത് തുടങ്ങിയവർ പ്രസംഗിച്ചു. വി. കൃഷ്ണൻ സ്വാഗതവും കെ.പി.മോഹനൻ നന്ദിയും പറഞ്ഞു. സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് നേരത്തെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.വി.ചാർളി പതാക ഉയർത്തി.
തുടർന്നു നടന്ന ക്ലാസ്സിൽ സി.വി.വിനോദ് കുമാർ വിഷയം അവതരിപ്പിച്ചു എം.ബിജു അദ്ധ്യക്ഷത വഹിച്ചു.
എം.കെ.രാജന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാദരണിയ സമ്മേളനം സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു.പ്രൊഫ: മുഹമ്മദ് അഹമ്മദിന് നൽകി കെ.പി. കുഞ്ഞിക്കണ്ണൻ സുവനീർ പ്രകാശനം ചെയ്തു. . വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനം പോൾസൺ ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 7 ന് ജനറൽ കൗൺസിൽ നടക്കും.9.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം എം.കെ.രാഘവൻ എം.പി.യും ഉച്ചക്ക് നടക്കുന്ന സമാപന സമ്മേളനം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.യും ഉദ്ഘാടനം ചെയ്യും.