chennithala

കണ്ണൂർ: സംസ്ഥാനത്തെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് കിട്ടിയതിന്റെ അഹങ്കാരമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉപതിരഞ്ഞെടുപ്പിൽ സർക്കാർ എല്ലാ സ്വാധീനവും ചെലുത്തും. ഇത് മൊത്തം ജനവിധിയായി കാണരുത്. അങ്ങനെയെങ്കിൽ അരുവിക്കര നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം യു.ഡി.എഫിന് ഭരണ തുടർച്ച നൽകേണ്ടതല്ലേ.?​ ഇടതിന്റെ കപട വർഗീയത ജനം തിരിച്ചറിഞ്ഞതു കൊണ്ടാണ് മഞ്ചേശ്വരത്ത് അവർ തോറ്റത്. അതേസമയം വട്ടിയൂർക്കാവിലും കോന്നിയിലും ഉണ്ടായ പാളിച്ചകൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കും. ഇത് ജനവിരുദ്ധ സർക്കാരാണെന്ന് കാലം തെളിയിക്കും.

കാബിനറ്റ് പോസ്റ്റിംഗ് നടത്തി സെക്രട്ടേറിയറ്റിൽ വഴിനടക്കാനാകാത്ത അവസ്ഥയാണ്.

സർവകലാശാലകളിൽ മാർക്ക് ദാനം നടത്തി സ്വജനപക്ഷപാതം നടത്തുകയാണ്. ജീവനക്കാരെ നിരന്തരം പീഡിപ്പിക്കുന്നു. സർക്കാരിനെ വിമർശിച്ചതിനു മാത്രം 162 പേർക്കെതിരെ നടപടിയെടുത്ത ഏകാധിപതികളാണ് ഭരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

കേന്ദ്രത്തിലും സമാനമായ ഭരണമാണ്. മോദിക്കെതിരെ പറഞ്ഞാൽ സി.ബി.ഐയെയും ഇക്കണോമിക്സ് ഒഫൻസ് വിംഗിനെയും ഉപയോഗിച്ച് പീഡിപ്പിക്കും. കോൺഗ്രസ് മുക്തഭാരതമെന്ന വീമ്പിന് തിരിച്ചടിയാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.