കാസർകോട്: കാണാതായ 16കാരിയുടെ മൃതദേഹാവശിഷ്ടങ്ങൾ വനത്തിൽ കണ്ടെത്തി. കൊലപ്പെടുത്തിയത് സ്വന്തം സഹോദരൻ തന്നെയാണെന്ന നിഗമനത്തിൽ പൊലീസ്. ഉള്ളാളിനടുത്തുള്ള പാജിർ ഗ്രാമത്തിലെ കമ്പാലപദവിൽ താമസിക്കുന്ന ഫ്രാൻസിസ് കുട്ടിഞ്ഞോയുടെ മകൾ ഫിയോണ സ്വീഡൻ കുട്ടിഞ്ഞോ(16)യുടെ അസ്ഥികൂടം വീടിന് പുറകിലുള്ള വനത്തിൽ കണ്ടെത്തിയ സംഭവത്തിലാണ് മൂത്ത സഹോദരൻ സാംസണി (18) ലേക്ക് അന്വേഷണം നീളുന്നത്.

ഈ മാസം എട്ടിനാണ് പെൺകുട്ടിയെ കാണാതായത്. എൻജിനീയറിംഗ് പരീക്ഷകളിൽ പരാജയപ്പെടുകയും മൊബൈലിന് അടിമയാകുകയും ചെയ്ത സാംസൺ കൂടുതൽ സമയവും വീട്ടിൽ തന്നെ ചെലവഴിക്കാറാണ് പതിവ്. സെന്റ് ആഗ്‌നസ് കോളജിൽ ഒന്നാം വർഷ പി.യു.സി വിദ്യാർത്ഥിനിയായ ഫിയോണ ഒക്ടോബർ എട്ടിന് മംഗളൂരുവിലേക്ക് പോയതായിരുന്നു. പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് കാട്ടി രക്ഷിതാക്കൾ കോണാജെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. 15 ദിവസത്തിനുശേഷവും ഫിയോണയെ കണ്ടെത്താത്തതിനാൽ ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുദിപ്പിലെ താമസക്കാർ സിറ്റി പൊലീസ് കമ്മീഷണർക്ക് അപ്പീൽ നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരിച്ച ഫിയോണയുടെ മൊബൈൽ അവസാനമായി ഓൺ ആയത് മുദിപ്പു പ്രദേശമാണെന്ന് കണ്ടെത്തി.പിന്നീട് പൊലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതോടെ സഹോദരൻ സാംസൺ കുറ്റം സമ്മതിക്കുകയായിരുന്നു. താൻ അവളെ കൊന്നതായും മൃതദേഹം വീടിന്റെ പുറകിലുള്ള കാട്ടിൽ എറിഞ്ഞതായും പൊലീസിനോട് പറഞ്ഞു.

ശനിയാഴ്ച രാത്രിയും ഇന്നലെയും വ്യാപകമായ തിരച്ചിൽ നടത്തിയപ്പോൾ മുടി, പല്ലുകൾ, ഫിയോണയുടെ അസ്ഥികൂടത്തിന്റെ ചില ഭാഗങ്ങളും അവളുടെ മൊബൈലും കാട്ടിൽ നിന്ന് കണ്ടെത്തി. മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് സഹോദരിയെ വീട്ടിൽ വെച്ചാണ് താൻ കൊലപ്പെടുത്തിയതെന്ന് സാംസൺ സമ്മതിച്ചിട്ടുണ്ട്. സാംസൺ സഹോദരി ഫിയോണയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റികയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.