endosulfan-victims
ENDOSULFAN VICTIMS,

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർ മരിച്ചില്ലെന്ന് അറിയാൻ കൂടെനിറുത്തി മൊബൈലിൽ സെൽഫി എടുത്ത് അയയ്‌ക്കാനുള്ള നിർദ്ദേശം വിവാദമായി. കാസർകോട് ജില്ലയിലെ 11 ഗ്രാമപഞ്ചായത്തുകളിലെ അംഗൻവാടി വർക്കർമാരെ ഉപയോഗിച്ചാണ് സെൽഫി എടുക്കുന്നത്. ദുരിതബാധിതരെ അവരുടെ വീടുകളിൽ സന്ദർശിച്ചോ അംഗൻവാടികളിലേക്ക് വിളിച്ചുവരുത്തിയോ സെൽഫി എടുത്ത് നൽകണമെന്നാണ് അംഗൻവാടി വർക്കർമാർക്ക് എൻഡോസൾഫാൻ സെൽ മുഖാന്തിരം നൽകിയ നിർദ്ദേശം. സ്മാർട്ട് ഫോണിൽ വർക്കർമാർ പലയിടങ്ങളിലും ചെന്ന് സെൽഫി എടുക്കാൻ തുടങ്ങിയതോടെ സംഭവം വിവാദമായി.

മരിച്ചുകഴിഞ്ഞതിന് ശേഷവും ദുരിതബാധിതരുടെ കുടുംബം ഉൾപ്പെടെ നിരവധി പേർ അനർഹമായി ആനുകൂല്യം കൈപ്പറ്റുന്നുണ്ടെന്നും അതുകണ്ടെത്താനാണ് ദുരിതബാധിതർ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് തെളിയിക്കുന്നതിന് സെൽഫി എടുക്കാൻ പറഞ്ഞതെന്നുമാണ് സൂപ്പർവൈസർമാർ വിശദീകരിക്കുന്നത്. എന്നാൽ ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ എൻഡോസൾഫാൻ ദുരിതബാധിതരെ അവരുടെ വീടുകളിൽ പോയി കണ്ടു ക്ഷേമം അന്വേഷിക്കണമെന്നും കൂട്ടത്തിൽ ഓരോ സെൽഫി എടുത്ത് അയയ്ക്കണമെന്നും നിർദ്ദേശിച്ചുവെന്നുമാണ് എൻഡോസൾഫാൻ സെൽ ഡെപ്യുട്ടി കളക്ടർ ഇതേ കുറിച്ച് അന്വേഷിച്ചവരോട് പറഞ്ഞത്.

അംഗൻവാടി വർക്കർമാരെ വിട്ട് സെൽഫി എടുത്തു ദുരിതബാധിതരെ അപമാനിക്കാനുള്ള നീക്കത്തിനെതിരെ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയും മുളിയാർ പുഞ്ചിരി ക്ലബും രംഗത്തുവന്നിട്ടുണ്ട്. ഇതിനെതിരായി പീഡിത ജനകീയ മുന്നണിയുടെ പ്രതിഷേധ കൂട്ടായ്മ ഇന്നു രാവിലെ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തുമെന്ന് പ്രസിഡന്റ് മുനീസ അമ്പലത്തറയും സെക്രട്ടറി അമ്പലത്തറ കുഞ്ഞിക്കൃഷ്ണനും പറഞ്ഞു. നിയമനടപടി എടുക്കുമെന്നാണ് പുഞ്ചിരി ക്ലബ് ഭാരവാഹികൾ വ്യക്തമാക്കിയത്.

പ്രയോജനമില്ലാതെ സെൽ

എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ രൂപം നൽകിയ കാസർകോട് കളക്‌ടറേറ്റിൽ പ്രവർത്തിക്കുന്ന സെല്ലിൽ നിന്ന് ഒരു പ്രയോജനവും ദുരിതബാധിതർക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. സെല്ലിലെ ഡെപ്യൂട്ടി കളക്ടറേയും ജീവനക്കാരെയും മുഴുവൻ മാറ്റിനിയമിച്ചതിനാൽ പുതുതായി ചുമതലയേറ്റെടുത്ത ഉദ്യോഗസ്ഥർ എല്ലാം പഠിച്ചുവരുന്നേയുള്ളൂ.

സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ പോകുന്ന ദുരിതബാധിതരെ പഞ്ചായത്തുകളിലേക്ക് പറഞ്ഞയയ്ക്കുകയാണ് സെല്ലിലെ ജീവനക്കാരെന്ന് പറയുന്നു. അനുകൂല്യത്തെ കുറിച്ച് അന്വേഷിക്കാൻ ചെല്ലുന്ന ദുരിതബാധിതരോട് അനർഹരെ കുറിച്ച് നിങ്ങൾ എന്തേ ഒന്നും പറയാത്തത് എന്ന് ചോദിച്ച ജീവനക്കാരന്റെ നിലപാടും വിവാദമായിട്ടുണ്ട്.