നീലേശ്വരം: കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്തമഴയിൽ നെൽകൃഷിക്ക് വൻ നാശം. കൊയ്യാറായ നെൽവയലുകൾ ഒന്നാകെ വെള്ളത്തിനടിയിലായി.
കാലവർഷം വരാൻ വൈകിയതിനാൽ ഈ വർഷം വിത്തിടാനും ഞാറു പറിച്ചു നടാനും ഏറെ വൈകിയിരുന്നു. അതിനാൽ വിളവെടുപ്പും വൈകി. ഇപ്പോൾ വിളവെടുക്കാറായപ്പോഴാണ് തിമിർത്ത് പെയ്യുന്ന മഴയെത്തിയത്.
വിളഞ്ഞ നെൽക്കതിരുകളെല്ലാം ഇപ്പോൾ വെള്ളത്തിനടിയിലായിരിക്കയാണ്. ഇനി രണ്ടുദിവസം കൂടി കടിഞ്ഞാൽ നെല്ലുകളെല്ലാം വെള്ളത്തിൽ വീണ് മുളക്കാനും തുടങ്ങും.
നെൽകർഷകർക്ക് കൂലി കൊടുക്കാനുള്ള ചെലവ് വൈക്കോലിൽ നിന്നാണ് കിട്ടാറ്. വെള്ളത്തിൽ എല്ലാം മുങ്ങിയതിനാൽ അതിൽ നിന്നുള്ള പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്. കൃഷിയിറക്കാനും കൊയ്യാനും തൊഴിലാളികളെ കിട്ടാത്ത സമയത്താണ് വിചാരിക്കാതെ വന്ന മഴയിൽ കൊയ്യാറായ നെല്ല് വെള്ളത്തിലായത്.
വർഷം തോറും കൃഷിയിറക്കി കടക്കെണിയിലാകുന്ന നെൽകർഷകരെ കാലാവസ്ഥ ചതിച്ചതോടെ കൃഷിയിൽ നിന്ന് പിറകോട്ടടിക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുകയാണ്.
പാലായി, ചാത്തമത്ത്, നീലായി, കണിയാട, പെരിങ്കുളം, കിണാവൂർ, കീഴ്മാല, അണ്ടോൾ, കയ്യൂർ, ചെറിയാക്കര, നാഗച്ചേരി, കക്കാട്ട്, എന്നീ വയലുകളിലാണ് വെള്ളം നിറഞ്ഞ് കൊയ്യാറായ നെൽക്കതിർ വെള്ളത്തിലായത്.
താത്കാലിക നിയമനം
നീലേശ്വരം: താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ലാബ് അസിസ്റ്റന്റ്, നഴ്‌സിംഗ് അസിസ്റ്റന്റ് കം അറ്റൻഡർ, കുക്ക് കം അറ്റൻഡർ എന്നിവരെ നിയമിക്കുന്നു. തികച്ചും താൽക്കാലികാടിസ്ഥാനത്തിൽ ആറ് മാസത്തേക്കായിരിക്കും നിയമനം. താല്പര്യമുള്ള ലാബ് അസിസ്റ്റന്റ്, നഴ്‌സിംഗ് അസിസ്റ്റന്റ് കം അറ്റൻഡർ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾ 29ന് രാവിലെ 10.30നും, കുക്ക് കം അറ്റൻഡർ തസ്തികയിലുള്ള ഉദ്യോഗാർത്ഥികൾ 30 ന് രാവിലെ 10.30നും അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആശുപത്രിയിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകേണ്ടതാണ്.നഗരസഭ പരിധിയിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
നടപ്പാത ഉദ്ഘാടനം
ചീമേനി: ചെറുവത്തുർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച നടപ്പാതകളുടെ ഉദ്ഘാടനം മാധവൻ മണിയറ നിർവ്വഹിച്ചു. സി.വി. പ്രമീള അദ്ധ്യക്ഷത വഹിച്ചു. വി.വി. ശരത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.വി കുഞ്ഞിരാമൻ, ബെവിൻ ജോൺ വർഗ്ഗീസ്, സജീവൻ, പ്രഭാകരൻ സംസാരിച്ചു. എം.വി ജയശ്രീ സ്വാഗതവും കെ. നാരായണൻ നന്ദിയും പറഞ്ഞു.
ആർ.സി. പൊക്കൻ പത്തൊമ്പതാം ചരമവാർഷിക ദിനാചരണം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
രാഹുൽ അനുശ്രീ
നീലേശ്വരം: പടിഞ്ഞാറ്റം കൊഴുവൽ മങ്കത്തിൽ ഹൗസിൽ കരിപ്പോത്ത് കുഞ്ഞമ്പു നായരുടെയും യമുന കെ. നായരുടെയും മകൻ രാഹുൽ കെ. നായരും അമ്പലത്തുകര മഠത്തിൽ ഗോവിന്ദൻ നായരുടെയും പേറയിൽ ശ്യാമളയുടെയും മകൾ അനുശ്രീ ഗോവിന്ദും വിവാഹിതരായി.
അടുക്കത്ത്ബയൽ ഗ്യാസ് ടാങ്കർ ദുരന്തത്തിൽ നിന്ന് നാടിനെ രക്ഷിച്ച അഗ്‌നിശമന ഉദ്യോഗസ്ഥർക്ക് കറന്തക്കാട് വീര ഹനുമാൻ മന്ദിരം കമ്മിറ്റി നൽകിയ സ്വീകരണം.