കാസര്‍കോട്: ഭാഷയും വിഷയവും തിരഞ്ഞെടുക്കാൻ കഴിയാതെ ധർമ്മസങ്കടത്തിലാണ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും വിജയിച്ച മുസ്‌ലിംലീഗിന്റെ നിയുക്ത എം.എൽ.എ എം.സി ഖമറുദ്ദീൻ.

തിങ്കളാഴ്ച നിയമസഭയിൽ എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഏത് ഭാഷ തിരഞ്ഞെടുക്കണമെന്ന് നിശ്ചയിക്കാൻ ഏറെ വിഷമിക്കുകയാണ് ഇദ്ദേഹം. സപ്തഭാഷകൾ മാത്രമല്ല അതിലേറെ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ തന്റെ മണ്ഡലത്തിൽ താമസിക്കുന്നുണ്ട് എന്ന അഭിപ്രായക്കാരനാണ് ഖമറുദ്ദീൻ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മുമ്പ് മുഖ്യമന്ത്രിയുടെ അടുക്കൽ മലയാളത്തിൽ ആവശ്യങ്ങൾ ഉന്നയിച്ചു ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നാണ് ഖമറുദ്ദീൻ പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം മുഖാമുഖത്തിൽ സത്യപ്രതിജ്ഞ ഏത് ഭാഷയിൽ ചൊല്ലുമെന്ന് വാർത്താലേഖകർ ചോദിച്ചപ്പോൾ തീരുമാനിച്ചിട്ടില്ല എന്നാണ് അദ്ദേഹം മറുപടി നൽകിയത്.

അന്തരിച്ച മുൻ എം.എൽ.എ പി.ബി അബ്ദുൾ റസാഖ് കന്നഡയിലാണ് സത്യവാചകം ചൊല്ലിയിരുന്നത്. മണ്ഡലത്തിൽ താമസം തുടങ്ങിയതിനെ തുടർന്ന് കന്നഡയും തുളുവും പഠിക്കാനുള്ള ശ്രമത്തിലാണ് ഖമറുദ്ദീൻ. മലയാളത്തിന് പുറമെ ഹിന്ദി, ഉറുദു, അറബി,ഇംഗ്ലീഷ് ഭാഷകൾ ഖമറുദ്ദീൻ അനായാസം കൈകാര്യം ചെയ്യും.

നിയമസഭയിൽ ആദ്യമായി ഏത് വിഷയം ഉന്നയിക്കും എന്ന ചോദ്യത്തിനും ഉത്തരം പറയാൻ നിയുക്ത എം.എൽ.എ വിഷമിച്ചു. തിരുവനന്തപുരത്ത് എത്തിയ ശേഷം തീരുമാനിക്കും എന്നായിരുന്നു മറുപടി. മണ്ഡലത്തിലെ ജനങ്ങളെ ബാധിക്കുന്ന നിരവധിയായ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധയിൽപെടുത്താൻ ഉള്ളതുകൊണ്ട് ഏതിനാണ് മുന്തിയ പരിഗണന നൽകേണ്ടതെന്ന് നിശ്ചയിക്കുക എളുപ്പമല്ലാതായി.

ഇന്നുരാവിലെ 10ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് കാണാൻ ഖമറുദ്ദീന്റെ ഭാര്യയും മക്കളും അടക്കമുള്ളവർ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹ്മദലി, ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടി.ഇ അബ്ദുല്ല, ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹ്മാൻ, മഞ്ചേശ്വരം മണ്ഡലം ഭാരവാഹികൾ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണൻ, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ, പി കെ ഫൈസൽ തുടങ്ങിയ യു.ഡി.എഫ് നേതാക്കളും സത്യാപ്രതിജ്ഞാചടങ്ങ് കാണാൻ പോയിട്ടുണ്ട്.