pinarayi-vijayan

കണ്ണൂർ: രാജ്യത്തിന്റെ ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് നേതാവും ഭാരതീയ ദർശനങ്ങളിലെ പണ്ഡിതനുമായിരുന്ന എൻ.ഇ. ബാലറാമിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ബാലറാം മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച ഭാരതീയം 2019 ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സ്വാതന്ത്ര്യസമര പാരമ്പര്യത്തെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ചിലരുടെ ഇടപെടലുകളെ പ്രതിരോധിക്കാൻ ബാലറാം ശ്രദ്ധിച്ചിരുന്നു. നമ്മുടെ നാടിന്റെ പാരമ്പര്യങ്ങളെ മനസിലാക്കാതെയും ഉൾക്കൊള്ളാതെയും മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പാരമ്പര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് രാഷ്ട്രീയ ആവശ്യങ്ങൾക്ക് വർഗീയശക്തികളെ ഉപയോഗിക്കുന്നു. ഇതിനെ പ്രതിരോധിച്ചേ നമുക്ക് മുന്നോട്ടു പോകാനാവൂയെന്നും അദ്ദേഹം പറഞ്ഞു.

റബ്‌കോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻ.ഇ. ബാലറാം മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സി.എൻ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാൻ സി.പി. മുരളി, ജില്ല സെക്രട്ടറി അഡ്വ. പി. സന്തോഷ്‌കുമാർ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, സി.പി.ഐ ജില്ലാ അസി. സെക്രട്ടറിമാരായ എ. പ്രദീപൻ, കെ.ടി. ജോസ്, മുൻ ജില്ലാ സെക്രട്ടറി സി. രവീന്ദ്രൻ, സെമിനാർ ഡയറക്ടർ എൻ. ശ്രീകുമാർ, സെമിനാർ കോ ഒാർഡിനേറ്റർ ഒ.കെ. ജയകൃഷ്ണൻ, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, എൻ.ഇ. ബാലറാമിന്റെ മകൾ ഗീത നസീർ എന്നിവർ സംബന്ധിച്ചു. സി.പി. സന്തോഷ്‌ കുമാർ സ്വാഗതവും സി.പി. ഷൈജൻ നന്ദിയും പറഞ്ഞു.