ചക്കരക്കൽ: സഹപാഠികളായ രണ്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ചക്കരക്കൽ ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ അഞ്ജലി,​ ആദിത്യ എന്നിവരുടെ മരണത്തിലാണ് അന്വേഷണം. കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ ഗുരുതരമായ കാര്യങ്ങളുണ്ടോയൊന്ന് സ്ഥിരീകരിക്കാൻ അന്വേഷണ സംഘം തയ്യാറായില്ല. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയെങ്കിലും ഗുരുതരമായ കാര്യങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് അറിയുന്നു. നിസാരമായ എന്തെങ്കിലും കാര്യമാണോ അതോ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷണ വിഷയമാണ്. അതേസമയം ഇതേക്കുറിച്ച് നവമാദ്ധ്യമങ്ങളിലും വ്യാപകമായി അസത്യ പ്രചരണങ്ങളും ഉയരുന്നുണ്ട്. സമീപത്തെ കോളേജിനെയും അവിടത്തെ കുട്ടികളെയും അപകീർത്തി പെടുത്തും വിധമാണ് വ്യാജ പ്രചരണം നടത്തുന്നത്. ഇതിനെതിരെ കോളേജ് അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. കുട്ടികളുടെ സുഹൃത്തുക്കളാരെങ്കിലും ആത്മഹത്യാ പ്രേരണയ്ക്ക് പിന്നിലുണ്ടോ എന്ന കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ പെടും. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇരുവരും അഞ്ജലിയുടെ വീട്ടിലെത്തിയത്. തുടർന്ന് മുകളിലെ നിലയിലെ മുറിയിൽ കയറി തൂങ്ങി മരിക്കുകയായിരുന്നു. വൈകിട്ടോടെയും പുറത്തിറങ്ങാതിരുന്നതോടെയാണ് വീട്ടുകാർ വാതിൽ തകർത്ത് അകത്ത് കയറിയത്. മൃതദേഹം പൊതുദർശനത്തിന് ശേഷം പയ്യാമ്പലത്ത് സംസ്കരിച്ചു.