പയ്യന്നൂർ : കളിയാട്ട മഹോത്സവത്തിന്റെ വ്യാജനോട്ടീസുകളും രശീതുബുക്കുകളുമുപയോഗിച്ച് പിരിവിനിറങ്ങിയ രണ്ടംഗ സംഘത്തെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.പെരളം പള്ളിക്കുളം ശ്രീ കൂളിക്കാവ് കാലിച്ചാൻ ദേവക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന്റെ പേരിൽ വ്യാജ നോട്ടീസുകളും വ്യാജ രശീത് ബുക്കുകളും ഉപയോഗിച്ച് പിരിവ് നടത്തിയ രണ്ടുപേരെയാണ് പയ്യന്നൂർ എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. കൊഴുമ്മൽ വെള്ളൂർ സ്വദേശി ആനവളപ്പിൽ സുഗുണൻ (49),കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ എച്ച്. ശ്രീകാന്ത് (45) എന്നിവരാണ് അറസ്റ്റിലായത്.
പയ്യന്നൂർ ടൗണിൽ വ്യാജ നോട്ടീസും രശീതുമായി പിരിവിനെത്തിയപ്പോൾ സംശയം തോന്നിയ കടയുടമ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അമ്പല കമ്മിറ്റിയുമായി പോലീസ് ബന്ധപ്പെട്ടപ്പോൾ കളിയാട്ട മഹോത്സവത്തിന്റെ പേരിൽ പിരിവ് നടത്താൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. കമ്മിറ്റി ഭാരവാഹികൾ നൽകിയ പരാതിയിൽ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളിൽ നിന്നും വ്യാജ നോട്ടീസുകളും രശീത് ബുക്കുകളും പണവും പൊലീസ് കണ്ടെത്തി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും