കൊച്ചി: വ്യാപാരി സമൂഹത്തിനെതിരെ സംസ്ഥാന വാണിജ്യനികുതി വകുപ്പ് കൈക്കൊണ്ടുവരുന്ന യുക്തരഹിതമായ നോട്ടീസ് അയക്കൽ നടപടികൾ നിർത്തിവെക്കണമെന്ന് ബേക്ക്‌ഴ്‌സ് ഭവനിൽ ചേർന്ന ബേക്കേഴ്‌സ് അസോസിയേഷന്റെ അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം മുഖ്യമന്ത്രിയോടും ധനകാര്യമന്ത്രിയോടും ആവശ്യപ്പെട്ടു. നോട്ടുനിരോധനത്തിൽ നിന്നും കരകയറിവരവെ നടപ്പാക്കിയ ജിഎസ്ടി മൂലം വ്യാപാരമേഖലയാകെ മന്ദീഭവിച്ചിരിക്കുകയാണ്. ജിഎസ്ടിയോട് പൊരുത്തപ്പെടുവാൻതന്നെ വ്യാപാരമേഖല ക്ലേശിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കാലഹരണപ്പെട്ട വാറ്റ നിയമത്തിലെ നിസാരമായ തെറ്റുകൾ പർവതീകരിച്ച് സംസ്ഥാനത്തെ വ്യാപാരികൾക്ക് വാണിജ്യനികുതി വകുപ്പ് വ്യക്തമായ കണക്കുവ്യത്യാസമോ കൃത്യമായ കാരണങ്ങളോ ചൂണ്ടിക്കാണിക്കാതെ നോട്ടീസ് അയക്കുന്നത് വ്യാപാരമേഖലയോടുള്ള വെല്ലുവിളിയായേ കരുതാൻ സാധിക്കൂ. വാറ്റിന്റെ പേരിലുള്ള അനാവശ്യമായ പോസ്റ്റ്‌മോർട്ടം മൂലം അധികമായ നഷ്ടവും മനുഷ്യശേഷിയുമാണ് വ്യാപാരികൾക്ക് നഷ്ടപ്പെടുന്നതെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്രസർക്കാരിന്റെ വികലമായ സാമ്പത്തിക നയങ്ങൾമൂലം പ്രതിസന്ധിയിലായ വ്യാപാരികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന നടപടികൾ നിർത്തിവെക്കണമെന്നും അതുവഴി വ്യാപാര മേഖലയിൽ രൂപപ്പെട്ടിരിക്കുന്ന പ്രതിസന്ധി പരിഹരിക്കണമെന്നും വ്യാപാര സമൂഹത്തിനുവേണ്ടി ബേക്കേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. 29ന് നടക്കുന്ന വ്യാപാരികളുടെ പണിമുടക്കുമായി സഹകരിക്കാൻ തീരുമാനിച്ചു. ബേക്കേഴ്‌സ് ഭവനിൽ ചേർന്ന അടിയന്തര സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റോയൽ നൗഷാദ് പ്രമേയം അവതരിപ്പിച്ചു. ഐ.ടി.ആന്റ് ലോ സെക്രട്ടറി ബിജു പ്രേംശങ്കർ, സംസ്ഥാനഭാരവാഹികളായ കിരൺ. എസ്. പാലയ്ക്കൽ, മുഹമ്മദ് ഹൗസിർ, വി.പി. അബ്ദുൾ സലീം, ഇ.എസ്. ബോസ്, ശിവദാസ് പറവൂർ, റോജിൻ ദേവസി, എ.കെ. സോജൻ, ദേവരാജൻ പെരുമാനൂർ എന്നിവർ പ്രസംഗിച്ചു.