കണ്ണൂർ: സംഘടനാ തിരഞ്ഞെടുപ്പിലൂടെ മാത്രമേ കേരളത്തിൽ കോൺഗ്രസിനെ രക്ഷിക്കാൻ കഴിയൂവെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി. ഇപ്പോൾ കേൾക്കുന്നത് ആരുടെയൊ ഒക്കെ ശബ്ദവും പ്രവർത്തനവുമാണ്. ഇതൊന്നും പാർട്ടിയുടേതല്ല. ചിലരുടെ കൈമണിയുടെ ഭാഗമായി സംഭവിച്ച ദുരന്തമാണ് ഇപ്പോൾ ഉണ്ടായത്. കെ. സുധാകരൻ 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
കോൺഗ്രസിൽ ജനപിന്തുണയുള്ളവർക്ക് വരാനും പ്രവർത്തിക്കാനും ഇന്നത്തെ സാഹചര്യത്തിൽ വളരെ അസാദ്ധ്യമാണ്. ജനപിന്തുണ ഇല്ലാത്ത നേതാക്കൾ വരുന്നതുകൊണ്ട് അവരെ അണികൾ അംഗീകരിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ അനുഭവം. അണികളും ജനങ്ങളും അംഗീകരിക്കുന്ന പ്രവർത്തക നിര കോൺഗ്രസ് പാർട്ടിയിൽ വളരെ കുറവാണ്. 65 ഓളം ഭാരവാഹികൾ നിലവിലുണ്ട്. പക്ഷേ, അതിൽ പ്രവർത്തിക്കുന്നവർ നാലോ അഞ്ചോ പേർ മാത്രമാണ്.
ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഇതാണ് സ്ഥിതി. ബാക്കിയുള്ളതൊക്കെ ലെറ്റർപാഡ് അടിച്ച് നടക്കാനല്ലാതെ ഒന്നിനും കൊള്ളരുതാത്തവരാണ്. ഓരോരോ നേതാക്കളുടെ കൈമണിയായി കയറി വന്നവരാണ് ഇവരൊക്കെ. സംഘടന തെരഞ്ഞെടുപ്പ് നടത്തി ശുദ്ധീകരണം നടത്തണം. അങ്ങനെ വന്നാൽ കോൺഗ്രസ് കെട്ടുറപ്പുള്ള പാർട്ടിയാകും. അതിന് എന്ത് വിലകൊടുക്കേണ്ടി വന്നാലും കൊടുക്കണം. നെഞ്ചൂക്കോടെ, ചങ്കുറപ്പോടെ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ കഴിയണം. അതല്ലാതെ നനച്ചിട്ട കോണകംപോലുള്ള നേതാക്കൾക്ക് ഇതിനകത്ത് ഒരു ചുക്കും ചെയ്യാൻ കഴിയില്ല. ഇവരൊന്നും പറഞ്ഞാൽ ആരും കേൾക്കില്ല. സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ എ.ഐ.സി.സി തീരുമാനിക്കണം.
കെ.പി.സി.സി തീരുമാനമെടുത്ത് എ.ഐ.സി.സിയോട് ആവശ്യപ്പെടണം. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്കെങ്കിലും ഒരു തിരഞ്ഞെടുപ്പ് കമ്മിറ്റി ഉണ്ടാകണം. കേരളത്തിൽ പാർട്ടി നിലനിൽക്കണമെങ്കിൽ സംഘടനാ തെരഞ്ഞെടുപ്പ് നടന്നേ തീരൂ. 1991ൽ നരസിംഹറാവുവിന്റെ കാലത്ത് നടന്നതാണ് തിരഞ്ഞെടുപ്പ്. അന്ന് രണ്ട് ഗ്രൂപ്പിനെയും എതിരെ മത്സരിച്ച് ജയിച്ച ആളാണ് ഞാൻ.
കോന്നി നിയമസഭാ മണ്ഡലത്തിൽ തുടക്കം മുതലെ പിശകാണ് സംഭവിച്ചത്. ആരുടേയും പേരെടുത്ത് വിമർശിക്കാൻ ഞനില്ല. അത് ഞാൻ പാർട്ടിക്കകത്ത് പറയും. അവിടെ സ്ഥാനാർത്ഥി നിർണയം നടത്തിയത് മൊത്തത്തിൽ പിഴച്ചു. എന്തിനാണ് അടൂർ പ്രകാശിന്റെ സ്ഥാനാർത്ഥിയെ തഴഞ്ഞത്. അതുതന്നെ കോന്നിയിൽ ആവർത്തിച്ചു. മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്തിയതിലും പിഴവ് സംഭവിച്ചു. എന്തിനുവേണ്ടി അടൂർ നിർദ്ദേശിച്ച സ്ഥാനാർത്ഥിയെ മാറ്റിനിർത്തിയോ, ആ ലക്ഷ്യം നേടാൻ പാർട്ടിക്ക് കഴിഞ്ഞില്ല. സോഷ്യൽ ബാലൻസ് കീപ്പ് ചെയ്യാൻ കഴിയാത്തതാണ് കോന്നിയിലെ പരാജയത്തിന് കാരണം.
അവിടെ അങ്ങനെ വേണമെന്ന് നേരത്തെ പറഞ്ഞ നേതാക്കളൊക്കെ സ്വന്തം സ്ഥാനർത്ഥിക്കുവേണ്ടി നിലകൊണ്ടു. അടൂരിനെതിരെ നടപടി വേണമെന്ന് പറയുന്നതിലൊന്നും ഒരു കാര്യവുമില്ല. നടപടി വേണ്ടത് വിജയിക്കുന്ന സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിയാത്ത നേതാക്കൾക്കെതിരെയാണ്. ഞാനടക്കം അതിന് ഉത്തരവാദിയാണ്. വർക്കിംഗ് പ്രസിഡന്റ് എന്ന നിലയ്ക്ക് പാപപാരം പങ്കുവയ്ക്കുമ്പോൾ അത് ഏറ്റെടുക്കാൻ ഞാനും ബാധ്യസ്ഥനാണ്. എന്റെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ പാർട്ടിക്ക് ക്ഷീണം വരരുതെന്ന് ആഗ്രഹിക്കുന്നവനാണ് ഞാൻ. എനിക്ക് ഗ്രൂപ്പുണ്ടെങ്കിലും ആദ്യ പരിഗണന പാർട്ടിയാണ്. പിന്നീട് മാത്രമേ ഗ്രൂപ്പ് പരിഗണിക്കൂ. സംഘടനാ തിരഞ്ഞെടുപ്പ് നടത്തി പ്രവർത്തകർ തിരഞ്ഞെടുക്കുന്ന നേതാക്കൾ തലപ്പത്ത് വരാത്തിടത്തോളംകാലം കോൺഗ്രസ് രക്ഷപ്പെടാനുള്ള സാദ്ധ്യത അതിവിദൂരമാണ്. നേതാക്കൾ തീരുമാനിക്കുന്നതിനപ്പുറത്ത് പ്രവർത്തകരും അണികളും തീരുമാനിക്കട്ടെയെന്നും സുധാകരൻ പറഞ്ഞു.