case

കണ്ണൂർ: കൂടത്തായി കൊലപ്പരമ്പരകൾക്ക് പിന്നിലുണ്ടായിരുന്നത് സ്വത്തിലെ കണ്ണ്. ഇപ്പോൾ തിരുവനന്തപുരത്തെ കൂടത്തിൽക്കേസ് ഉയർന്നതും വ്യാജ വിൽപ്പത്രം തയാറാക്കി കോടികളുടെ സ്വത്ത് തട്ടിയെടുത്തു എന്ന ആരോപണം. ഇരുകേസുകളും ഏറെ ചർച്ചയാകുമ്പോൾ രണ്ടുകൊല്ലംമുമ്പ് തളിപ്പറമ്പിലെ സ്വത്ത് തട്ടിപ്പുകേസും ഇതുപോലെ ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. കണ്ണൂർ തളിപ്പറമ്പിലെ ഡോ. കുഞ്ഞമ്പു നായരുടെ സ്വത്ത് തട്ടിയെടുക്കാനായി ചിലർ നടത്തിയ ശ്രമങ്ങളാണ് പിടിക്കപ്പെട്ടത്. ആ കുടുംബത്തിന് തളിപ്പറമ്പ് നഗര പരിസരങ്ങളിൽ മാത്രം കോടിക്കണക്കിന് രൂപയുടെ ഭൂമിയും കെട്ടിടങ്ങളുമുണ്ടായിരുന്നു. ഈ സ്വത്തിൽ കണ്ണുവച്ച് ചിലർ നടത്തിയ നീക്കങ്ങളാണ് രണ്ടുവർഷം മുമ്പ് ഏറെ കോളിളക്കമുണ്ടാക്കിയത്.

ദേശീയപാതയോരത്തെ 3.75 ഏക്കറോളംവരുന്ന സ്ഥലത്ത് വിശാലമായ മുറ്റവും കാർപോർച്ചുമുൾപ്പെടെയുള്ള വീട് കാടുകയറിക്കിടക്കുകയായിരുന്നു. ഒരു ദിവസം നാട്ടുകാർ കാണുന്നത് സ്ഥലമുടമകളുമായി ബന്ധമൊന്നുമില്ലാത്ത ചിലർ ഇവിടെയെത്തി മരംമുറിച്ചു കടത്താൻ ശ്രമിക്കുന്നതാണ്. നേരത്തെതന്നെ കുടുംബത്തിന്റെ പേരിലുള്ള സ്ഥലം പലരും കൈയേറുകയാണെന്ന സംശയം നിലനിന്നതിനാൽ നാട്ടുകാർ അപരിചിതരായവരെ തടഞ്ഞു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞമ്പു ഡോക്ടറുടെ രണ്ടാമത്തെ മകൻ സഹകരണ വകുപ്പ് റിട്ട. ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന പി. ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുക്കാൻ നടക്കുന്ന ശ്രമങ്ങൾ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നാട്ടുകാരനായിരുന്ന വിവരാവകാശ പ്രവർത്തകൻ പത്മൻ കോഴൂർ സമർപ്പിച്ച ഹർജിയിലാണ് അഭിഭാഷകയായ കെ.വി ശൈലജ, ഭർത്താവ് കൃഷ്ണകുമാർ, ശൈലജയുടെ സഹോദരി ജാനകി തുടങ്ങിയവർക്കെതിരെ അന്വേഷണം ആരംഭിച്ചത്. സ്വത്ത് തട്ടിപ്പ് കേസിൽ പയ്യന്നൂർ പൊലീസ് ഇനിയും കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന് പത്മൻ കോഴൂർ പറയുന്നു. ആദ്യകാലത്ത് ഇക്കാര്യം ചൂണ്ടിക്കാട്ടിയ പത്മൻ കോഴൂരിന് നേരെ അക്രമം പോലും നടന്നിരുന്നു.

അവിവാഹിതനായ ബാലകൃഷ്ണൻ തിരുവനന്തപുരത്ത് പേട്ടയിൽ സ്വന്തം വീടുവച്ച് താമസിക്കുകയായിരുന്നു. 2011 സെപ്തംബർ 11ന് രാത്രി തിരുവനന്തപുരത്ത് നിന്നുള്ള യാത്രയ്ക്കിടെ ബാലകൃഷ്ണൻ മരിച്ചതായാണ് വിവരം. തുടർന്ന് ബാലകൃഷ്ണന്റെ കെ.വി ജാനകിയെന്നു പേരുള്ള ഭാര്യയുടെ പേരിലേക്ക് സ്വത്തുക്കൾ മാറ്റാനാണ് ശ്രമം നടക്കുന്നതെന്ന് നാട്ടുകാർക്ക് മനസിലാക്കാനായി. എന്നാൽ, ഇക്കാര്യം നാട്ടുകാർക്ക് വിശ്വസിക്കാനായിരുന്നില്ല. കുഞ്ഞമ്പു നായരുടെ ഏഴുമക്കളിൽ ബാലകൃഷ്ണന്റെ പേരിലുള്ള സ്വത്തുക്കൾ കൈവശപ്പെടുത്തുകയെന്ന ലക്ഷ്യമിട്ട് നടത്തിയ ഗൂഢാലോചനയിലേക്കാണ് ഈ അന്വേഷണം പിന്നീട് നീങ്ങിയത്.

തലസ്ഥാനത്ത് ഒറ്റയ്ക്കു താമസിക്കുകയായിരുന്ന ബാലകൃഷ്ണൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നിന്നും പയ്യന്നൂരിലെ അഭിഭാഷകയും ഭർത്താവും വിദഗ്ദ്ധ ചികിത്സിക്കെന്ന് പറഞ്ഞ് അദ്ദേഹത്തെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. ആ യാത്രയ്ക്കിടെ കൊടുങ്ങല്ലൂരിൽ വച്ച് ബാലകൃഷ്ണൻ മരിച്ചു. വർഷങ്ങൾക്ക് ശേഷം പൊലീസ് അന്വേഷണത്തിൽ രോഗിയായ ബാലകൃഷ്ണനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. ഈ കേസിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നല്കി അസ്വാഭാവിക മരണത്തിന് കേസെടുപ്പിച്ച ശേഷം പോസ്റ്റുമോർട്ടം നടപടികൾ ഉൾപ്പെടെ പൂർത്തിയാക്കി കൂടെയുണ്ടായിരുന്നവർ തന്നെ ബന്ധുക്കൾ ചമഞ്ഞ് ഷൊർണൂരിൽ സംസ്‌കാരവും നടത്തി മടങ്ങുകയായിരുന്നു. മരിക്കുംവരെയും വിവാഹിതനല്ലാത്ത ബാലകൃഷ്ണനും അഭിഭാഷകയുടെ സഹോദരി ജാനകിയും വിവാഹം ചെയ്തുവെന്ന് വ്യാജരേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് പിന്നീട് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ബാലകൃഷ്ണനും ജാനകിയും പയ്യന്നൂർ വിഠോബ ക്ഷേത്രത്തിൽ വച്ച് 1980ൽ വിവാഹിതരായെന്നാണ് രേഖകളുണ്ടാക്കിയത്. ബാലകൃഷ്ണന്റെ മരണശേഷം കുടുംബ പെൻഷനുവേണ്ടിയാണെന്ന് പറഞ്ഞ്

ക്ഷേത്രം ഭാരവാഹികളിൽ നിന്ന് വിവാഹ സർട്ടിഫിക്കറ്റ് ഇവർ വാങ്ങിച്ചെടുത്തെന്ന വിവരവും പുറത്തുവന്നു.
ഡോ. കുഞ്ഞമ്പു നായരുടെ ഇളയമകനായ രമേശൻ മാത്രമായിരുന്നു തട്ടിപ്പ് നടക്കുമ്പോൾ നാട്ടിലുണ്ടായിരുന്നത്. ബാലകൃഷ്ണന്റെ രണ്ട് സഹോദരിമാർ കേരളത്തിന് പുറത്താണ്. കോടികൾ വിലമതിക്കുന്ന കൂട്ടുസ്വത്ത് വെറുതെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അഭിഭാഷകയും ഭർത്താവുംചേർന്ന് ഭാരിച്ച സ്വത്തും അതിന്റെ കൈകാര്യത്തിലെ വീഴ്ചകളും മനസിലാക്കി തട്ടിപ്പ് നടത്താനിറങ്ങുകയായിരുന്നു എന്നാണ് കേസ്.