gold-chain-

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ സ്ത്രീ യാത്രക്കാരിയുടെ മാലപൊട്ടിച്ചോടിയ കള്ളനെ കീഴ്പ്പെടുത്തിയ സംഭവം ആദ്യം യാത്രക്കാരിൽ ആവേശവും പിന്നീട് ചമ്മലുമായി. ഇന്നലെ ഉച്ചയോടെയാണ് ഒന്നാം പ്ലാറ്റ് ഫോമിൽ നിറുത്തിയിട്ട ട്രെയിനിൽ നിന്ന് ജനലിനരികെ ഇരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച് കള്ളൻ രക്ഷപ്പെടാൻ ശ്രമിച്ചത്. ഇതേ തുടർന്ന് പാർസൽ,​ കാറ്ററിംഗ് ജീവനക്കാർ ചേർന്ന് ഇയാളെ ബലം പ്രയോഗിച്ച് നിറുത്തി. ഉടനെ ആർ.പി.എഫും സ്ഥലത്തെത്തി ഇയാളെ കൈയോടെ പിടിച്ചു. ബഹളം കേട്ടെത്തിയ യാത്രക്കാരിൽ ചിലർ കൈയേറ്റത്തിന് മുതിർന്നതോടെ തടഞ്ഞ് ആർ.പി.എഫ് ആ രഹസ്യം വെളിപ്പെടുത്തി.

കള്ളൻ ചില്ലറക്കാരനല്ല,​ ആർ.പി.എഫുകാരനാണ്,​ പേര് മനോജ് കുമാർ. അശ്രദ്ധമായി ആഭരണങ്ങൾ പ്രദർശിപ്പിച്ച് പിടിച്ച് പറിക്ക് ഇരയാകുന്ന യാത്രക്കാരെ ബോധവത്കരിക്കാനുള്ള ശ്രമമായിരുന്നു ഇതിന് പിന്നിൽ. പരപ്പനങ്ങാടി,​ കാസർകോട്,​ മംഗളൂരു തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിൽ അടുത്തിടെ പിടിച്ചു പറി പെരുകിയതോടെയാണ് ആർ.പി.എഫ് ഈ കാമ്പെയിനുമായി ഇറങ്ങിയത്. എ.എസ്.ഐ ബിജു നരിച്ചന്റെ നേതൃത്വത്തിൽ ഒ.എൻ ചന്ദ്രൻ,​ പൊലീസുകാരായ വി.എസ് പ്രമോദ്,​ ശ്രീകാന്ത് എന്നിവരും പങ്കെടുത്തു. ഇവരുടെ നേതൃത്വത്തിൽ യാത്രക്കാരെ ബോധവത്കരിച്ചു.

പേടിക്കേണ്ട,​ ഇനി കാണും എല്ലാം കാമറകൾ

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സി.സി.ടി.വി കാമറകളില്ലാത്ത ദുരവസ്ഥ കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഒടുവിൽ ആ പ്രശ്നത്തിനും പരിഹാരമാവുകയാണ്. തലശേരി,​ പയ്യന്നൂർ,​ കാസർകോട്,​ മംഗളൂരു അടക്കമുള്ള റെയിൽവേ സ്റ്റേഷനുകളിലെല്ലാം രണ്ട് മാസത്തിനകം കാമറകൾ സ്ഥാപിക്കും. നിർഭയ പദ്ധതിയിൽപ്പെടുത്തി 40 കാമറകളാണ് സ്ഥാപിക്കുന്നത്. ഇതിന്റെ സർവേയും പൂർത്തിയായിട്ടുണ്ട്.