periya-case

കാസർകോട്: സി.പി.എമ്മിന്റെ ഉന്നത നേതാക്കൾക്ക് പങ്കില്ലെങ്കിൽ പെരിയ ഇരട്ടക്കൊലപാതക കേസിലെ സി.ബി.ഐ അന്വേഷണം തടയുന്നതിന് 25 ലക്ഷം രൂപ പ്രതിഫലം നൽകി ഡൽഹിയിൽ നിന്ന് അഭിഭാഷകനെ സർക്കാർ കൊണ്ടുവന്നത് എന്തിനാണെന്ന് കല്ല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണൻ ചോദിക്കുന്നു.

ഇരട്ടക്കൊലപാതക കേസ് സി.ബി.ഐയ്ക്ക് വിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച സർക്കാർ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി അഭിഭാഷകൻ രഞ്ജിത്ത് കുമാറാണ് അപ്പീലിൽ സർക്കാരിന് വേണ്ടി ഹാജരായത്.

''പാർട്ടിക്ക് പങ്കില്ല, പീതാംബരന്റെ വ്യക്തിവിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന സി.പി.എം നേതാക്കളും സർക്കാരും അങ്ങനെയെങ്കിൽ കൊലയാളികൾ ശിക്ഷ വാങ്ങിച്ചോട്ടെ എന്ന് വിചാരിക്കുകയല്ലേ വേണ്ടത്. അതിന് പകരം പാവപ്പെട്ടവന്റെ നികുതിപ്പണം എടുത്തു നൽകി സി.ബി.ഐ അന്വേഷണം തടയുന്നതിന് അഭിഭാഷകനെ എന്തിന് കൊണ്ടുവന്നു എന്ന് പറയണം. ഈ ഒറ്റ നടപടിയിലൂടെ പാർട്ടിയുടെ ഒത്താശയോടെ തന്നെയാണ് കൊലപാതകം നടന്നതെന്ന് തെളിയുകയാണ്. വ്യക്തിവൈരാഗ്യമല്ല, രാഷ്ട്രീയ വൈരാഗ്യം കൊണ്ടുതന്നെയാണ് മക്കളെ അവർ കൊന്നത്.

ശരത്തിന്റെയും കൃപേഷിന്റേയും വളർച്ച തടയാൻ കുറേ പരിശ്രമിച്ചു. നടക്കാതെ വന്നപ്പോൾ ആണ് ഇല്ലായ്മ ചെയ്തത്. അതിനുള്ള തിരിച്ചടി ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർക്ക് കിട്ടി. ഇനിയും കിട്ടും. ഇല്ലാതാക്കിയ ഞങ്ങളുടെ മക്കളുടെ ശാപം അവർ ഏറ്റുവാങ്ങും. സി.ബി.ഐ അന്വേഷണം തടയുന്നതിനുള്ള അപ്പീൽ പോകാൻ ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണി തീരുന്നത് വരെ സർക്കാരും പാർട്ടിയും കാത്തിരുന്നതാണ്.

ഇതെല്ലാം മനസിലാകാതിരിക്കാൻ കേരളത്തിലെ ജനങ്ങൾ വിഡ്ഢികളല്ലെന്ന് ഓർക്കണം. ശരത്തിന്റെ ശരീരത്തിൽ 18 വെട്ടുണ്ട്. കൃപേഷിന്റെ തലച്ചോർ വെട്ടിക്കീറുകയായിരുന്നു. വെറുമൊരു ഓട്ട പൈപ്പ് കൊണ്ട് ഈ മുറിവുകൾ ഉണ്ടാക്കാൻ കഴിയില്ലെന്ന് ആർക്കാണ് അറിയാത്തത്. ആരെങ്കിലും ഇത് വിശ്വസിക്കുമോ? പാർട്ടി നേതാക്കൾക്ക് പേടിയുണ്ട്. അതുകൊണ്ടാണ് സി.ബി.ഐ അന്വേഷണം തടയാൻ ശ്രമിക്കുന്നതെന്നും കൃഷ്ണൻ പറഞ്ഞു.