കണ്ണൂർ: അടിയന്തിരാവസ്ഥയിൽ ഇടിമുറികളിൽ മർദ്ദനമേറ്റുവാങ്ങി പിൽക്കാലജീവിതം ദുരന്തപൂർണമായവർക്ക് സംസ്ഥാനത്ത് സഹായം നിഷേധിക്കപ്പെടുന്നു. രാജ്യത്തെ പത്തിലേറെ സംസ്ഥാനങ്ങളിൽ അടിയന്തിരാവസ്ഥ തടവുകാർക്ക് സഹായം നൽകുന്ന സാഹചര്യത്തിലാണ് കേരളത്തിൽ ഇത് നിഷേധിക്കപ്പെടുന്നത്.

ജീവിതത്തിന്റെ അവസാനഘട്ടത്തിലെത്തി നിൽക്കുന്നവരാണ് ഇവരിൽ ഏറിയകൂറും. അനുകൂല തീരുമാനം എടുക്കാമെന്ന് ധാരണനടപ്പാക്കാത്തതോടെ സമരത്തിനൊരുങ്ങുകയാണ് ഇവർ.

അടിയന്തിരാവസ്ഥയ്ക്ക് ശേഷം മൊറാർജി ദേശായി സർക്കാർ ഇരകളെ കുറിച്ച് പഠിക്കാൻ ഒരു കമ്മിഷനെ നിയോഗിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ച് 1981 മുതൽ അകാലിദൾ സർക്കാർ പഞ്ചാബിൽ പെൻഷൻ കൊടുക്കുന്നുണ്ട്. 2017 ൽ മഹാരാഷ്ട്രയിലും പെൻഷൻ തുടങ്ങി. അതേസമയം 2019 മാർച്ച് 13 നാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് വില്ലേജുകളിലേക്ക് ഒരു സർക്കുലർ അയച്ചത്. ഇരകളെ സംബന്ധിച്ചുള്ള കണക്ക് ലഭ്യമാക്കണമെന്നായിരുന്നു നിർദ്ദേശം. രേഖകൾ ഇല്ലാത്തത് ഇരകൾക്ക് തടവ് സംബന്ധിച്ച് തെളിവ് നൽകാൻ പ്രയാസമാകുന്നുണ്ട്.

കേരളത്തിൽ കക്കയം,​ ശാസ്തമംഗലം ക്യാമ്പുകളിലായി ക്രൂരമർദ്ദനം നടന്നതായി അന്നുതന്നെ സ്ഥിരീകരിക്കപ്പെട്ടതാണ്. ഹേബിയസ് കോർപ്പസിൽ പോലും വെളിപ്പെടുത്താതെ ഏഴോത്തെ ബാലകൃഷ്ണനെ മൂന്ന് മാസം തടവിൽ പീഡിപ്പിച്ച് പുറത്ത് വിട്ടു. അന്ന് എം.എൽ.എയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ പോലും മിസ ചുമത്തി ക്രൂരമായി മർദ്ദിച്ചു. പുരുഷന്മാരില്ലാത്ത വീടുകളിൽ ഭരണാനുകൂലികളുടെ അക്രമം നടന്നു.

ഇന്ന് പ്രതിഷേധം

പീഡിതരെ സംരക്ഷിക്കുക,​ അടിയന്തിരാവസ്ഥ വിരുദ്ധ പോരാട്ടം സ്കൂൾ സിലബസിൽ ഉൾപ്പെടുത്തുക,​ തടങ്കൽ പാളയങ്ങൾ ചരിത്ര സ്മാരകമാക്കുക എന്നീ ആവശ്യങ്ങളുമായി അടിയന്തിരാവസ്ഥ തടവുകാർ ഇന്ന് കണ്ണൂരിൽ പ്രതിഷേധിക്കും. വൈകാതെ എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കുമെന്നും എമർജൻസി ഫൈറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി എം. ചന്ദ്രൻ പറഞ്ഞു.

കേരളത്തിൽ ഡിഫൻസ് ഒഫ് ഇന്ത്യൻ റെഗുലേഷൻ

തടവിലായത് 7134 പേർ

മിസ പ്രകാരം 253 പേർ

കണ്ണൂരിൽ നിന്ന് പെൻഷന് അപേക്ഷിച്ചത് 617 പേർ

ബൈറ്റ്

ദുരിതം അനുഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന ലോക മനുഷ്യാവകാശ കമ്മിഷൻ വിധിയുടെ ലംഘനമാണ് കേരളത്തിൽ പെൻഷൻ നൽകാത്തതിലൂടെ വ്യക്തമാകുന്നത് -എം. ചന്ദ്രൻ ജില്ലാ സെക്രട്ടറി,​ എമർജൻസി ഫൈറ്റേഴ്സ് അസോസിയേഷൻ