ചെറുവത്തൂർ: അഴിത്തലയിൽ നിന്ന് ഇന്നലെ പുലർച്ചെ കടലിൽ മീൻ പിടിക്കാൻപോയ മൂകാംബിക ഫൈബർ തോണി കടൽക്ഷോഭത്തിൽ പെട്ട് മറിഞ്ഞ് നാല് തൊഴിലാളികൾ കടലിൽ തെറിച്ചുവീണു. മത്സ്യ തൊഴിലാളികളായ ബാലകൃഷ്ണൻ പടിഞ്ഞാറ്റൻ കൊവ്വൽ ( 45 )ഷാജി അഴീത്തല (45 ),ബാബു (45), കെ.ബാലകൃഷ്ണൻ (55) എന്നിവരാണ് കടലിൽ വീണത്. ഇവരെ മറ്റു വള്ളക്കാരും കോസ്റ്റൽ പൊലീസും ഫിഷറീസ് കോസ്റ്റ് ഗാർഡും ചേർന്ന് രക്ഷപ്പെടുത്തി. ബാബു പരിക്കേറ്റ് ആശുപത്രിയിലാണ്. മരക്കാപ്പ് കടപ്പുറത്തെ വൽസലന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് ശക്തമായ കാറ്റിലും തിരയിലും പെട്ട് മറിഞ്ഞത്.
അപകടത്തിനു പിന്നാലെ കുറത്തിയമ്മ എന്ന തോണിയും കടൽക്ഷോഭത്തിൽ പെട്ടു. ഈ തോണിയിലുണ്ടായിരുന്ന അനീഷ് പുഞ്ചാവി, മഹേഷ്, സുധീഷ്, സുരേന്ദ്രൻ, ലക്ഷ്മണൻ എന്നിവരെ ഫിഷറിസ് രക്ഷാ ബോട്ട് കരയിലെത്തിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.സതീശന്റെ നിർദ്ദേശപ്രകാരം ജീവനക്കാരായ പി.മനു, ഒ. ധനീഷ്, എം.സനീഷ്, സേതുമാധവൻ, നാരായണൻ, കണ്ണൻ എന്നിവരുടെയും കോസ്റ്റൽ സി.ഐ ജി. . സുനിൽ, എസ് ഐ വിക്രമൻ, എ എസ് ഐ പവിത്രൻ, സി.പി.ഒ മോഹനൻ, എം. ടി.പി സെയ്ഫുദ്ദീൻ തുടങ്ങിയവരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പടം. അപകടത്തിൽപ്പെട്ട മൂകാംബിക ഫൈബർ തോണി കടലിൽ