കണ്ണൂർ: കനത്ത കാറ്റിലും മഴയിലും ജില്ലയിലും ജനം കടുത്ത ആശങ്കയിൽ. കണ്ണൂരിൽ സിറ്റി ഭാഗങ്ങളിലാണ് മഴയ്ക്കൊപ്പം കടൽ ക്ഷോഭവും രൂക്ഷമായത്. തയ്യിലിലും മൈതാനപ്പള്ളിയിലും കടൽക്ഷോഭം രൂക്ഷമായതിന് പിന്നാലെ കടൽഭിത്തിയും ഇടിഞ്ഞു. വീടുകളിൽ വെള്ളം കയറിയതിന് പിന്നാലെ വീടൊഴിയേണ്ട അവസ്ഥയാണ്. ആയിക്കരയിൽ നിന്ന് കടലിൽ പോയവരെ തിരികെ വിളിച്ചിട്ടുണ്ട്. പകൽ മുഴുവൻ കനത്ത മഴയും കാറ്റും ഉണ്ടായതോടെ രാത്രി വൈകിയും കടൽ പ്രക്ഷുബ്ദമാണ്. തിരമാലയുടെ ശക്തി വർദ്ധിക്കുന്നതും ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
കണ്ണൂർ സിറ്റിയിൽ വീടുകൾ തകരുമോയെന്ന അവസ്ഥയിലാണ്. ബുധനാഴ്ച രാത്രി മുതലാണ് തിരയുടെ ശക്തി വർദ്ധിച്ചത്. അതേസമയം മൈതാനപ്പള്ളിയിൽ മേയർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി. കടൽക്ഷോഭം രൂക്ഷമായതോടെ തഹസിൽദാരുടെയും വില്ലേജ് അധികൃതരുടെയും നേതൃത്വത്തിൽ സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് തന്നെ ഫയർ ഫോഴ്സ് സ്ഥലത്തെത്തിയിരുന്നു. കാര്യമായൊന്നും തങ്ങൾക്ക് ചെയ്യേണ്ടി വന്നില്ലെന്ന് ഫയർ ഫോഴ്സ് പറഞ്ഞു. ഇന്നലെ തലശേരിയിൽ നിന്ന് കടലിൽ പോയ ബോട്ട് വരാൻ വൈകുന്നതും പരിഭ്രാന്തിക്ക് ഇടയാക്കിയിട്ടുണ്ട്. കോഴിക്കോട്ട് നിന്ന് ലഭിച്ച സന്ദേശത്തിൽ പറയുന്ന ഈ ബോട്ട് ആയിക്കര ഭാഗത്ത് ഉണ്ടെന്ന് സൂചന ലഭിച്ചതായി കൺട്രോൾ റൂം അധികൃതർ വ്യക്തമാക്കി. ഇക്കഴിഞ്ഞ പ്രളയ കാലത്ത് തുടങ്ങിയ കൺട്രോൾ റൂമിന്റെ പ്രവർത്തനം ഇപ്പോഴും സമീവമാണെന്നും അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ സന്നദ്ധമാണെന്നും അധികൃതർ പറഞ്ഞു.