തളിപ്പറമ്പ്: തകർന്നു കിടക്കുന്ന റോഡ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പി.ഡബ്ളു.ഡി ഓഫീസ് ഉപരോധിച്ചു.തളിപ്പറമ്പ് പൊതുമരാമത്ത് റോഡ്‌സ് സബ്ഡിവിഷൻ ഓഫീസിലാണ് ഇന്നലെ 10.30 ഓടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.
ഒരു വർഷത്തിലേറെയായി തകർന്നു കിടക്കുന്ന തളിപ്പറമ്പ് ഇരിട്ടി സ്റ്റേറ്റ് ഹൈവേയിലെ ചിറവക്ക് മുതൽ കപ്പാലം വരെയുള്ള ഭാഗം നന്നാക്കാത്തതിലായിരുന്നു പ്രതിഷേധം. ഈ സമയത്ത് ബന്ധപ്പെട്ടവർ ആരും ഓഫീസിൽ ഇല്ലാത്തതിനെ തുടർന്ന് അസി.എക്‌സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസിന് മുന്നിൽ പ്രവർത്തകർ റീത്ത് സമർപ്പിച്ചു.
ഒന്നര കോടി രൂപ ചിലവിലാണ് ഇവിടെ റോഡ് വികസിപ്പിക്കുന്നത് .റോഡ് മുഴുവനായും പൊട്ടിപ്പൊളിച്ചിട്ട ശേഷം മാസങ്ങളായി പണി നിർത്തിവച്ചിരിക്കുകയാണ്.
പ്രതിഷേധിച്ച പ്രവർത്തകരെ തളിപ്പറമ്പ് എസ് ഐ കെ.പി.ഷൈനിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തുനീക്കി.
സംസ്ഥാന ജന.സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ, ബ്ലോക്ക് പ്രസിഡന്റ് രാഹുൽ ദാമോദരൻ, മണ്ഡലം പ്രസിഡന്റ് വി.രാഹുൽ, എസ്.ഇർഷാദ്, കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് സി.ടി.അഭിജിത്ത് എന്നിവർ നേതൃത്യം നൽകി.
പടം. ഉപരോധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞപ്പോൾ