തലശ്ശേരി:തലായിൽ നിന്ന് മൂന്ന് ദിവസം മുമ്പ് മീൻ പിടിക്കാൻപോയി പുറംകടലിൽകുടുങ്ങിയ എട്ടു ബോട്ടുകളിലായുള്ള 20 തൊഴിലാളികളെ മറൈൻ എൻഫോഴ്സ്‌മെന്റ് വിഭാഗം രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ഗോപാൽപേട്ട, ചാലിൽ ഭാഗങ്ങളിലുള്ള തൊഴിലാളികളും ബോട്ടുകളൂമാണ് കടലിൽ കുടുങ്ങിയത്. ന്യു മാഹി അഴീക്കൽ സ്വദേശികളായ അഭി, ദിലി, പ്രമോദ് വലിയ പുരയിൽ തുടങ്ങിയവരാണ് കരയിലേക്ക് വരാനാവാതെ പുറംകടലിൽ നങ്കൂരമിട്ട ഫൈബർ ബോട്ടുകളിലുണ്ടായിരുന്നതെന്ന് തീരദേശ പൊലിസ് എസ്.ഐ.എൻ.കെ.വിനോദ് അറിയിച്ചു
ഇതിനിടെ നിർമ്മാണം പൂർത്തിയാകാത്ത മാഹി തുറമുഖത്തെ പുലിമുട്ട് തകർത്ത് കയറിയ കടൽത്തിരകൾ ഇവിടെ നിറുത്തിയിട്ട ഒരു ബോട്ടിന് നാശനഷ്ടം വരുത്തിയിട്ടുണ്ട് .മാഹിയിൽ നിന്ന് പുറപ്പെട്ട സി.വി സമീറിന്റെ ഉടമസ്ഥതയിലുള്ള ഷെമിത്ത് മോൻ എന്ന ബോട്ട് പുറംകടലിൽ മറിഞ്ഞു. ഇതിലെ മത്സ്യ തൊഴിലാളികളായ ഗോപാൽപെട്ട സ്വദേശി പ്രമോദ് ,ന്യൂ മാഹി സ്വദേശി പ്രജിത്ത്, മാഹി പൂഴിക്കൽ സ്വദേശി പ്രശാന്ത് എന്നിവരെ അഴീക്കലിൽ നിന്നുള്ള ബോട്ട് രക്ഷപ്പെടുത്തി കണ്ണൂരിലെത്തിച്ചു.