തളിപ്പറമ്പ്: അഞ്ച് കോടിയുടെ ലോട്ടറി ഭാഗ്യം തട്ടിയെടുത്തതോ?. ആണെന്ന് ഉറപ്പിക്കുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. മൺസൂർ ബംബറടിച്ച ലോട്ടറി ടിക്കറ്റ് തന്നിൽ നിന്ന് തട്ടിയെടുത്തതാണെന്ന തമിഴ്‌നാട്ടുകാരൻ മുനിയന്റെ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കേ ബംബർ ജേതാവായി സർക്കാർ പ്രഖ്യാപിച്ച പറശിനിക്കടവ് സ്വദേശി അജിതൻ തലശ്ശേരി സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി. ഹർജി തിങ്കളാഴ്ച പരിഗണിക്കും.
കഴിഞ്ഞ ജൂലായ് 18ന് നറുക്കെടുത്ത എം.ഇ 174253 നമ്പർ മൺസൂൺ ബംബർ ലോട്ടറിയുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തത്. പറശിനിക്കടവ് ക്ഷേത്ര ദർശനത്തിനെത്തിയപ്പോൾ തന്റെ ടിക്കറ്റ് തട്ടിയെടുത്തെന്ന്
കോഴിക്കോട് പാവങ്ങാട് പൂത്തൂരിൽ താമസക്കാരനായ മുനികുമാർ പൊന്നുച്ചാമി എന്ന മുനിയനാണ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്. മുപ്പതു വർഷമായി കോഴിക്കോട്ട് താമസിക്കുന്ന മുനികുമാർ ടാക്‌സി ഡ്രൈവറാണ്. എല്ലാ മാസവും പറശ്ശിനിക്കടവിൽ വരും. 16ന് വന്നപ്പോഴാണ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. ജൂൺ 26ന് വീണ്ടും വന്നപ്പോൾ ടിക്കറ്റ് നഷ്ടമായെന്നാണ് പരാതി. ലോട്ടറി വില്പന നടത്തിയ മുയ്യത്തെ പവിത്രനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
അതേസമയം, ഭാഗ്യമടിച്ചാൽ ടിക്കറ്റിൽ പറയുന്ന മുഴുവൻ തുകയും നൽകുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. അജിതൻ ഈ കണ്ണിയിൽപ്പെട്ടയാളാവാമെന്നും മുഴുവൻ തുക വാഗ്ദാനം ചെയ്ത് മുനിയനെ വരുത്തി ടിക്കറ്റ് തട്ടിയെടുത്തതാകാമെന്നും പൊലീസ് പറയുന്നു. എട്ട് വർഷം മുമ്പ് അജിതന് 40 ലക്ഷം രൂപയും 50 പവനും ഒന്നാം സമ്മാനമായി കേരള ലോട്ടറിയിൽ നിന്ന് ലഭിച്ചിരുന്നു. ഇതും അന്വേഷിക്കുന്നുണ്ട്. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ലോട്ടറി ഫലം പുറത്തുവന്നപ്പോൾ തനിക്കാണ് കിട്ടിയതെന്ന് തളിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കല്ലിങ്കീൽ പത്മനാഭനെ അറിയിച്ച മംഗലശേരി സ്വദേശി പെട്ടെന്ന് വിദേശത്തേക്ക് മുങ്ങി. ഇതും അന്വേഷിക്കുന്നുണ്ട്.
സമ്മാനത്തുകയായ അഞ്ചു കോടിയിൽ നികുതി കഴിച്ച് 3.15 കോടി രൂപ അജിതൻ ടിക്കറ്റ് നൽകിയ പുതിയ തെരുവിലെ ബാങ്കിലെത്തി. പൊലീസ് ഇടപെട്ട് ഈ തുക മരവിപ്പിച്ചിരിക്കയാണ്. ടിക്കറ്റ് കോടതിയിൽ ഹാജരാക്കി ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.