കോഴിക്കോട്: കുട്ടികളെ സ്കൂളിലാക്കി സ്കൂൾ ഗേറ്റിൽ നിന്ന് ടാറ്റ പറഞ്ഞിറങ്ങുമ്പോൾ ശ്രദ്ധിക്കുക.സ്കൂൾ ഗേറ്റിൽത്തന്നെയുണ്ട് അമ്മമാർക്കുള്ള ഏറ്റവും പ്രധാന സൂചന. ആ സ്കൂളിനെപ്പറ്റി എല്ലാം അറിയിക്കുന്ന ക്യൂ ആർ കോഡ് . സംഗതി അല്പം ഹൈടെക് ആണ്. സ്മാർട്ട് ഫോണുള്ള അമ്മമാർക്കെല്ലാം ക്യൂ ആർ കോഡ് സ്കാൻ ചെയ്യാം. ഫോൺ ആ ഗേറ്റിനോട് ചേർത്ത് വച്ചാൽ മാത്രം മതി!
എന്തൊക്കെ അറിയാമെന്നല്ലേ?
എന്തും അറിയാം. സ്കൂളിലെ എല്ലാ കാര്യങ്ങളും.കുട്ടിയുടെ ഹാജർ നിലയും പ്രോഗ്രസും തൊട്ട് പഠിപ്പിക്കുന്നത് എവിടം വരെയെത്തി, പരീക്ഷ എന്നാണ്, എത്ര മാർക്ക് കിട്ടി, മറ്റുകുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ തന്റെ കുട്ടിയുടെ സ്ഥാനമെന്ത് തുടങ്ങി എല്ലാം.
കുട്ടികളുടെ പഠനത്തെ കുറിച്ചും അവരുടെ സുരക്ഷിതത്വത്തെ കുറിച്ചും ഇനി ആശങ്ക വേണ്ട. കുട്ടികളുടെ പഠന നിലവാരം, സുരക്ഷിതത്വം, പഠന വിഷയങ്ങൾ തുടങ്ങിയവയെല്ലാം അമ്മയുടെ സ്മാർട്ട് ഫോണിൽ ലഭിക്കും.
എല്ലാ സ്‌കൂളിന്റെയും പ്രധാനകവാടത്തോട് ചേർന്ന് ക്യൂ.ആർ. കോഡ് സ്ഥാപിക്കുന്ന പദ്ധതി പൂർത്തിയായി വരികയാണ്.
സ്കൂളിലെ ഐ.ടി ക്ലബുകൾ ഇനി കുട്ടികളുടേത് മാത്രമല്ല, അമ്മമാർക്കും ഈ മാസം അഞ്ചുമുതൽ ഐ.ടി ക്ലബുകൾ വഴി പരിശീലനം ലഭിക്കും. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ രൂപീകരിച്ച 'ലിറ്റിൽ കൈറ്റ്സ്' പദ്ധതിയെക്കുറിച്ച് ഐ.ടി ക്ലബുകളിലൂടെ അമ്മമാർക്കുമറിയാം; പഠിക്കാം.
ഇതോടെ സ്‌കൂളുകളിൽ നടപ്പാക്കിയിട്ടുള്ള ഹൈടെക് സംവിധാനങ്ങളും സൗകര്യങ്ങളും അമ്മാർക്ക് മനസിലാക്കാൻ സാധിക്കും. സമഗ്ര പോർട്ടൽ, പാഠപുസ്തകങ്ങളിലെ ക്യൂ.ആർ കോഡുകൾ തുടങ്ങിയവ കുട്ടികൾക്ക് വീട്ടിലും ഉപയോഗിക്കാൻ സാഹചര്യം ഒരുക്കുക കൂടിയാണ് കൈറ്റ് ലക്ഷ്യമിടുന്നത്.
@ ക്യൂ. ആർ കോഡ് വഴി സമഗ്ര വിവരം ലഭ്യമാകും
സ്‌കൂളുകളുടെ സമഗ്രവിവരങ്ങൾ ക്യൂ.ആർ.കോഡ് സ്കാനിംഗിലൂടെ ലഭിക്കും. ഓരോ സ്‌കൂളിന്റെയും സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളുന്ന വെബ്സൈറ്റായ സമേതത്തിന്റെ ലിങ്കാണ് ക്യൂ.ആർ.കോഡ് രൂപത്തിൽ ലഭ്യമാക്കുന്നത്. ഹൈടെക് സ്‌കൂൾ പദ്ധതിയിലൂടെ സ്‌കൂളുകളിൽ വിന്യസിച്ചിട്ടുള്ള ബ്രോഡ്ബാൻഡ് സംവിധാനവും എച്ച്.ഡി. വെബ് കാമറയും ടെലിവിഷനും പ്രയോജനപ്പെടുത്തിയാണ് കൈറ്റ് ഇത് സാദ്ധ്യമാക്കുന്നത്. എല്ലാ സ്‌കൂളിന്റെയും പ്രധാനകവാടത്തോട് ചേർന്ന് ക്യൂ. ആർ. കോഡ് സ്ഥാപിക്കും. കോഡ് സ്‌കാൻ ചെയ്താൽ സമേതം (www.sametham.kite.kerala.gov.) , സ്‌കൂൾ വിവരസഞ്ചയമായ സ്‌കൂൾ വിക്കി (www.schoolwiki.in) തുടങ്ങിയ വെബ്സൈറ്റുകൾ സന്ദർശിക്കാം.
@ അമ്മയറിയാൻ
#പഠനത്തിൽ സ്മാർട്ട് ഫോൺഗുണപ്രദമായി ഉപയോഗിക്കാം
# വീടുകളിൽ ഹൈടെക്ക് പഠനം സാദ്ധ്യമാക്കാം
# ക്യൂ.ആർ. കോഡ് സ്കാൻ വഴി പഠനത്തിൽ സഹായിക്കാം
# സ്കൂളിലെ ഹൈടെക് പഠനരീതി പരിചയപ്പെടാം
# പോർട്ടലിലെ പഠനവിഭവങ്ങൾ ഉപയോഗിക്കാം
# വിക്ടേഴ്സിലെ വിദ്യാഭ്യാസ പരിപാടികൾ കാണാം
# സൈബർ സുരക്ഷയെ കുറിച്ച് ബോധവാന്മാരാകാം
ജില്ലയിൽ പദ്ധതി നടപ്പാക്കുന്ന സ്കൂളുകൾ - 363
പരിശീലനം നേടിയ അദ്ധ്യാപകർ - 6002
പരിശീലനം ലഭ്യമാകുന്ന അമ്മമാർ- 12,5488
" വിദ്യാഭ്യാസ രംഗത്തെ സമഗ്രമായ പുരോഗതിയാണ് ലക്ഷ്യമിടുന്നത്. അദ്ധ്യയനദിനം നഷ്ടപ്പെടാതിരിക്കലും സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ ഓൺലൈൻ പരിശീലനത്തിന് പ്രയോജനപ്പെടുത്തലും പ്രധാന ലക്ഷ്യങ്ങളാണ്.
മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഇന്റർനെറ്റ് ഉപയോഗത്തെ കുട്ടികളുടെ പഠനത്തിൽ ഗുണകരമായി ഉപയോഗിക്കുന്നതിനാണ് അമ്മമാർക്ക് കൈറ്റ് പരിശീലനം നൽകുന്നത്. ".
-കെ. അൻവർ സാദത്ത് (കൈറ്റ് വൈസ് ചെയർമാൻ ആൻഡ് എക്സിക്യൂട്ടീവ്)
എന്താണ് ക്യൂ.ആർ കോഡ്?
ഒരായിരം വാചകത്തില് ഒതുക്കാവുന്നതല്ല ഈ കോഡ്. ഇനി കണ്ണോടിക്കുന്നിടത്തെല്ലാം നിറയാന് പോകുന്നു ക്യൂ.ആര് കോഡ്. അതായത് പത്രങ്ങളിൽ, ചുമരുകളിൽ തുങ്ങി എല്ലായിടത്തും.ഇത് നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ പോകുന്ന ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് സമചതുരമാണ്. ഒരു സ്റ്റാമ്പിന്റെ അത്ര വലുപ്പമുളള ഒരു ചതുരം.എന്നാൽ ഒരായിരം വാചകത്തില് ഒതുക്കാവുന്നതല്ല ഈ കോഡ്. ഇൗ വാർത്ത വായിക്കുന്ന കേരള കൗമുദിയുടെ ഒന്നാം പേജിന്റെ മുകളിലും കാണാം ഒരു ക്യൂ.ആർ കോഡ്.