സുൽത്താൻ ബത്തേരി: ദേശീയപാത 766 -ലെ യാത്ര നിരോധനത്തിനെതിരെ നടന്ന വയനാട്ടിലെ വിദ്യാർത്ഥി കൂട്ടായ്‌മയുടെ പടുകൂറ്റൻ റാലി ബത്തേരി പട്ടണത്തെ മനുഷ്യക്കടലാക്കി. യുവജന കൂട്ടായ്‌മ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് വിദ്യാർത്ഥികൾ റാലി നടത്തിയത്.
വയനാട്ടിലെ വിവിധ കോളേജുകളിൽ നിന്നും സ്‌കൂളുകളിൽ നിന്നുമാണ് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്. റാലിയിൽ കാൽ ലക്ഷത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. സുൽത്താൻ ബത്തേരി സർവജന ഹൈസ്‌കൂൾ പരിസരത്ത് നിന്നാരംഭിച്ച റാലി പട്ടണം ചുറ്റി സ്വതന്ത്ര മൈതാനത്തെ നിരാഹാര പന്തലിന് സമീപം അവസാനിപ്പിച്ചു.
റാലിക്ക് വിദ്യാർത്ഥി കൂട്ടായ്‌മ ചെയർമാൻ അമൽജോയ്, വർക്കിംഗ് ചെയർമാൻ പി.പി. ഷൈജൽ, കൺവീനർ അജ്‌നാസ് അഹമ്മദ്, ജിഷ്ണു, അഭിജിത്ത്, ലത്തീഫ്, ബിഷാർ, ലയണൽ മാത്യു, മുഹമ്മദ്ഷാഫി, യദു, ജംഷീർ തുടങ്ങിയവർ നേതൃത്വം നൽകി. റാലിയിൽ അദ്ധ്യാപകരും സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തു. യാത്ര നിരോധനം പൂർണമായി നീക്കിയില്ലെങ്കിൽ സമരം ഏറ്റെടുക്കുമെന്നും കലാലയങ്ങളിലും വിദ്യാലയങ്ങളിലും നിരാഹാരസമരം ആരംഭിക്കുമെന്നും വിദ്യാർത്ഥി പ്രതിനിധികൾ വ്യക്തമാക്കി.