gandhi-statue-

തളിപ്പറമ്പ്: പതിവു തെറ്റിക്കാതെ ഈ വർഷവും ഒക്ടോബർ ഒന്നിന് വൈകുന്നേരം നാരായണൻ കുട്ടി എന്ന നാണുവേട്ടൻ താലൂക്ക് ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമ ശുചീകരിക്കാനെത്തി. 2005 മാർച്ച് 7 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഗാന്ധി പ്രതിമ അനാഛാദനം ചെയ്തത്. ആ വർഷം ഒക്ടോബർ ഒന്ന് മുതലാണ് നാരായണൻകുട്ടി പൊടിപിടിച്ച് കിടന്ന പ്രതിമ കഴുകി ശുചീകരിച്ചുതുടങ്ങിയത്.

മികച്ച ആരോഗ്യ പ്രവർത്തകനുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡ് നേടിയ ഇദ്ദേഹം കോൺഗ്രസ് പ്രവർത്തകനും ജവാഹർ ബാലജനവേദിയുടെ തളിപ്പറമ്പ് ബ്ലോക്ക് ചെയർമാനുമാണ്. അടുത്തിടെ ഒരു ശസ്ത്രക്രിയക്ക് വിധേയനായി അവശതയിലാണെങ്കിലും എല്ലാ വർഷവും നടത്തുന്ന ശുചീകരണ പ്രവൃത്തി ഒഴിവാക്കാൻ മനസ് സമ്മതിക്കുന്നില്ല.

ചവനപ്പുഴ സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ തൃച്ചംബരത്താണ് താമസിക്കുന്നത്. തളിപ്പറമ്പിലെ പൊതുരംഗത്ത് നിറഞ്ഞു നിൽക്കുന്ന നാരായണൻകുട്ടി ശരീരം അനുവദിക്കുന്ന കാലത്തോളം ഗാന്ധി പ്രതിമ ശുചീകരിക്കുമെന്ന ദൃഢനിശ്ചയത്തിലാണ്. ഇന്നലെ വൈകുന്നേരം കഴുകി തുടച്ച് വൃത്തിയാക്കിയ ഗാന്ധി പ്രതിമയിൽ ഇന്ന് രാവിലെ മാലയണിയിച്ച് പ്രാർത്ഥിച്ച ശേഷം പൊതു സ്ഥലങ്ങളിലെ ശുചീകരണത്തിനും നാരായണൻകുട്ടി നേതൃത്വം നൽകും.