കോഴിക്കോട് നിന്ന് വയനാട്ടിലെ സുൽത്താൻബത്തേരി വഴി കർണാടകയിലെ കൊല്ലഗേലിലേക്കുള്ള ദേശീയപാത 766 കടന്ന് പോകുന്നത് കർണാടകയിലെ ബന്ദിപ്പൂർ കടവാ സങ്കേത കേന്ദ്രത്തിലൂടെയാണ്.മലബാറിനെ കർണാടകയുമായി വളരെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ഇൗ പാത കഴിഞ്ഞ പത്ത് വർഷമായി രാത്രിയാത്ര നിരോധത്തിന്റെ പേരിൽ അടഞ്ഞ് കിടക്കുന്നു.കോഴിക്കോട്ടു നിന്ന് ബംഗളൂരുവിലെത്തുന്നതിനുള്ള എളുപ്പ വഴിയാണിത്.
കേരള കർണാടക അതിർത്തി തിരിക്കുന്ന മുലെഹൊളയിൽ നിന്ന് ഗുണ്ടൽപ്പേട്ടയ്ക്കടുത്തുള്ള മദൂർവരെയുള്ള പത്തൊമ്പത് കിലോ മീറ്ററിലാണ് ഇപ്പോൾ രാത്രി യാത്രാ വിലക്ക്. രാത്രി ഒമ്പത് മണി മുതൽ പുലർച്ചെ ആറ് മണിവരെയാണ് വിലക്ക്.എന്നാൽ ബ്രിട്ടീഷുകാരുടെ കാലംമുതൽക്കെ ഉപയോഗിച്ചു വരുന്ന ഇൗ ദേശീയ പാത പൂർണമായും അടച്ചിടുമെന്ന് ശ്രുതിയുണ്ട്.നാടിന്റെ വികാരമായ ദേശീയപാത അടച്ചിടരുതെന്ന ആവശ്യവുമായി വയനാടൻ ജനത ഇന്നേവരെ നടത്താത്ത തരത്തിൽ ഒത്തൊരുമിച്ച് സമര മുഖത്താണ്. സുൽത്താൻ ബത്തേരിയിൽ യുവജന കൂട്ടായ്മയുടെ പേരിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നു.നാടും നഗരവും ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് സുൽത്താൻ ബത്തേരിയിലെ സമരപ്പന്തലിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു.അഞ്ചാം ക്ളാസ് വിദ്യാർത്ഥികൾ മുതൽ പ്രതിഷേധ സമരത്തിന്റെ ഭാഗമായി തെരുവിൽ ഇറങ്ങിക്കഴിഞ്ഞു.ഒരു ജീവൻ മരണ പോരാട്ടമാണ് ഇപ്പോൾ സഞ്ചാര സ്വാതന്ത്ര്യത്തിനായി നടത്തുന്നത്.പ്രശ്നം അതീവ ഗുരുതരാവസ്ഥയിൽ എത്തിനിൽക്കുന്നു.വയനാടിന്റെ എം.പി രാഹുൽഗാന്ധി ഇതിനായി നാളെ വയനാട്ടിലെത്തി സമരപ്പന്തലിൽ ചെന്ന് ഐക്യദാർഢ്യം പ്രകടിപ്പിക്കും.ഒരു മണിക്കൂറോളം അദ്ദേഹം സമരപ്പന്തലിൽ ചെലവഴിക്കും.മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഡൽഹിയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറെ കണ്ട് വയനാടിന് വേണ്ടി ചർച്ചനടത്തി. കർണാടകയിലെ ചാമരാജ് ജില്ലാ കളക്ടർ രാത്രിയാത്ര തടഞ്ഞ് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത് 2009 ജൂൺ 14നാണ്.വന്യമൃഗങ്ങളുടെ പേരിലാണ് ഇങ്ങനെയൊരു വിലക്ക്.വാഹനങ്ങൾ കടന്ന് പോകുമ്പോൾ വന്യമൃഗങ്ങളുടെ സ്വൈര ജീവിതത്തിന് തടസം ഉണ്ടാകുന്നുവെന്നായിരുന്നു കണ്ടെത്തൽ. ഇൗ ഉത്തരവ് പിൻവലിക്കണമെന്ന് അന്നേ കേരളം ആവശ്യപ്പെട്ടു. തുടർന്ന് ഉത്തരവ് പിൻവലിച്ചു.എന്നാൽ കേസ് കോടതിയിലെത്തിയിരുന്നു. കർണാടക ഹൈക്കോടതി രാത്രിയാത്ര നിരോധിച്ചു. അന്ന് തുടങ്ങിയതാണ് കേരളത്തിന്റെ പ്രതിഷേധം. കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ മുന്നിലാണ്. അനുകൂലിച്ചും എതിർത്തുമുള്ള ഹർജികൾ സുപ്രീംകോടതിക്ക് മുന്നിലുണ്ട്. 766 ദേശീയ പാത പൂർണമായും അടച്ച് ഇൗ പാതയ്ക്ക് ബദലായി മാനന്തവാടി -കുട്ട ഗോണിക്കുപ്പ -ബംഗളൂരു റോഡ് ദേശീയ പാതയാക്കിക്കൂടെയെന്നാണ് ചോദ്യം.കേന്ദ്ര വനം പരിസ്ഥിതി ഉപരിതല ഗതാഗത മന്ത്രാലയങ്ങളോട് കോടതി അഭിപ്രായം ചോദിച്ചിട്ടുമുണ്ട്.കഴിഞ്ഞ മാസം ഏഴിനാണ് സുപ്രീംകോടതി ഇങ്ങനെ അഭിപ്രായം ചോദിച്ചത്. മറുപടി നാലാഴ്ചക്കുളളിൽ വേണമെന്നും പറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ അമ്പതിലേറെ കടുവാ സങ്കേതങ്ങളുണ്ട്. എന്നാൽ മറ്റെങ്ങും കാണാത്ത നിരോധനമാണ് ഇവിടെ രൂപപ്പെടുന്നത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ബന്ദിപ്പൂർ കടുവാസങ്കേതത്തിലൂടെയുള്ള ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം നീക്കാനാവില്ലെന്നു മുഖ്യമന്ത്രിക്കുള്ള മറുപടിയിൽ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി അറിയിച്ചുകഴിഞ്ഞു.
സുപ്രീംകോടതി നിർദേശത്തിനു പിന്നാലെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിയോഗിച്ച ഉദ്യോഗസ്ഥ സംഘം ബത്തേരി മാനന്തവാടി- കുട്ട ഗോണിക്കുപ്പ-മൈസൂരു പാത ദേശീയപാത 766നു ബദലാണെന്ന നിഗമനത്തിലാണ് എത്തിയത്. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ
(ബംഗളൂരു)ടി.ബാലചന്ദ്ര, അഡിഷണൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്(പ്രൊജക്ട് ടൈഗർ) ഡോ.രാജേന്ദ്ര ഗർവാഡ്, നാഗർഹോള ദേശീയോദ്യാനം ഡയറക്ടർ നാരായൺ, നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യ സൂപ്രണ്ടിംഗ് എൻജിനിയർ ശ്രീധർ എന്നിവരടങ്ങുന്ന സംഘമാണ് ദേശീയപാതയ്ക്കു ബദലായുള്ള പാതയെക്കുറിച്ചു പഠനം നടത്തിയത്. മാനന്തവാടി- കുട്ട ഗോണിക്കുപ്പ വഴി മൈസൂരുവിലേക്കുള്ളതാണ് ദേശീയപാതക്കു പകരമായി വികസിപ്പിക്കാൻ കഴിയുന്ന വഴിയെന്ന റിപ്പോർട്ട് ഉദ്യോഗസ്ഥ സംഘം അടുത്തദിവസം ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കു സമർപ്പിക്കുമെന്നാണ് വിവരം. ഈ റിപ്പോർട്ട് അടിസ്ഥാനമാക്കി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം സുപ്രീംകോടതിയിൽ സമർപ്പിക്കുന്ന സത്യവാങ്മൂലം കേരളത്തിന്റെ ഹിതത്തിനു ഒത്തതാകാൻ ഇടയില്ലെന്നു പൊതുരംഗത്തുള്ളവർ കരുതുന്നു.
ദേശീയപാതയിൽ രാത്രിയാത്ര വിലക്കി കർണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ കേരളം സൂപ്രീംകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. രാത്രിയാത്ര നിരോധനത്തിനെതിരെ ശക്തമായ നിലപാട് മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചില്ല. ദേശീയപാത വിഷയത്തിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചതനുസരിച്ചു രൂപീകരിച്ച വിദഗ്ദ്ധ സമിതിയിലും സെക്രട്ടറിതല സമിതിയിലും കേരളത്തിൽനിന്നുള്ള ഉദ്യോഗസ്ഥർ അംഗങ്ങളായിരുന്നു. ഇവരിൽ ഒരാൾപോലും രാത്രിയാത്ര നിരോധനം നീക്കണമെന്ന നിലപാട് സ്വീകരിച്ചിരുന്നില്ല. ബദൽ റോഡ്, തലശേരി-മൈസൂരു റെയിൽവേ തുടങ്ങിയ നിർദേശങ്ങളാണ് ഉദ്യോഗസ്ഥർ മുന്നോട്ടുവച്ചത്.
ദേശീയപാത വിഷയത്തിൽ സമരങ്ങളുടെ പൂരമാണ് ഇപ്പോൾ സുൽത്താൻ ബത്തേരി കേന്ദ്രീകരിച്ചു നടക്കുന്നത്. ദേശീയപാത അടച്ചുപൂട്ടാനുള്ള സാധ്യത മുന്നിൽനിൽക്കെയാണ് രാത്രിയാത്ര നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ടു സർവകക്ഷി ആക്ഷൻ കമ്മിറ്റിയുടെയും യുവജന സംഘടനകളുടെ കൂട്ടായ്മയുടെയും സമരങ്ങൾ. അനിശ്ചിതകാല നിരാഹാര സമരമാണ് യുവജന കൂട്ടായ്മ നടത്തിവരുന്നത്. ഈ പ്രക്ഷോഭത്തിനു വമ്പിച്ച ജനപിന്തുണയും ലഭിക്കുന്നുണ്ട്. മനുഷ്യന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന് എന്നന്നേക്കുമായി വിലക്ക് വരുമോ എന്ന് വയനാട്ടുകാർ ഭയക്കുന്നുണ്ട്.
മൈസൂർ,ഗുണ്ടൽപ്പേട്ട എന്നിവിടങ്ങളിൽ നിന്ന് ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ കാളവണ്ടിയിലാണ് മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക് പച്ചക്കറി അടക്കമുള്ള ചരക്കുകൾ എത്തിച്ചിരുന്നത്. കർണാടക വഴിയുള്ള ചരക്കുകൾ മുത്തങ്ങ ചെക്ക് പോസ്റ്റ് വഴിയാണ് കടന്ന് പോയിരുന്നത്. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഉപരി പഠനത്തിനായി ഇൗ ദേശീയപാത വഴി കർണാടകയെ ആശ്രയിക്കുന്നത്.വയനാട്ടിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കും നിലക്കാൻ പോകുന്നു. മൈസൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള വയനാട് വഴിയുളള ഒഴുക്കും നിലക്കും. വയനാട് ജില്ലയിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ സുൽത്താൻ ബത്തേരിയുടെ വികസനം പോലും മുരടിക്കും. കർണാടക, തമിഴ്നാട് സംസ്ഥാന അതിർത്തികൾ പങ്കിടുന്ന പ്രദേശം കൂടിയാണ് ഇൗ ചരിത്ര നഗരി. ദേശീയ പാത പൂർണമായി അടക്കുകയാണെങ്കിൽ ജില്ലയുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലാകും.