പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതാണ് . അതോടൊപ്പം തന്നെ പരിസ്ഥിതിയുടെ സംരക്ഷണത്തിന് മനുഷ്യർ വേണം. വനം വന്യജീവികളെ സംരക്ഷിക്കുന്ന കാര്യത്തിൽ വയനാട്ടുകാരെപോലെ ജാഗ്രത പുലർത്തുന്നവർ വേറെയില്ല. ഈ അടുത്ത ദിവസം വയനാട്ടിലെ ഇരുളത്ത് കാട്ടാന ചെരിഞ്ഞപ്പോൾ കാട്ടനക്ക് വൻ ജനാവലി ആദരാജ്ഞലി അർപ്പിച്ചു.അനുശോചന യോഗവും ചേർന്നു. മാത്രമല്ല സാധാരണക്കാരായ കർഷക ജനത ഉന്നയിച്ച ആവശ്യം ആനക്ക് ഒരു സ്മാരകം നിർമ്മിക്കണമെന്നാണ്. ഇത് പ്രകൃതിയോടും മനുഷ്യരോടും സ്‌നേഹമില്ലാഞ്ഞിട്ടാണോ. പ്രകൃതിയേയും മൃഗങ്ങളെയും ഇത്രമാത്രം സ്‌നേഹിക്കുന്ന വയനാട്ടുകാരെയാണ് ഇപ്പോൾ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് പരിസ്ഥിതിവകുപ്പ് വലയ്ക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ദേശീയ പാത 766-ൽ യാത്ര നിരോധനം ഏർപ്പടുത്തി വയനാട്ടുകരെ ബന്ദിയാക്കുവാനുള്ള നീക്കവുമായി മുന്നോട്ട് പോകുമ്പോൾ അത് വയനാട്ടിലെ എട്ട് ലക്ഷത്തിൽപ്പരം വരുന്ന ജനങ്ങളെ മാത്രമല്ല. മലബാർമേഖലയെ തന്നെ ബാധിക്കും. മലബാർ മേഖലയിലേക്കുള്ള ചരക്കുകളും പച്ചക്കറികളും എല്ലാം വരുന്നത് എൻ.എച്ച്. 766 വഴിയാണ്. മാത്രമല്ല ആയിരക്കണക്കിന് വിദ്യാർത്ഥികളും മറ്റും പഠനം നടത്തുന്നത് ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലാണ്. ഇതുവഴിയുള്ള റോഡ് അടച്ചാൽ ഇവരുടെ ഭാവിയും അവതാളത്തിലാകും. ബദൽ പാത ദേശീയപാത 766-ന് തുല്യമാകില്ല. ഈനിർദ്ദേശം ഒരിക്കലും അംഗീകരിക്കാനാവുന്നതല്ല. 276 കിലോമീറ്റർ ചുറ്റി വളഞ്ഞ് വനമേഖലയിലൂടെയാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന പാത കടന്നുപോവുക . ഇപ്പോൾ നിലനിൽക്കുന്ന യാത്ര നിരോധനവും ,പകൽകൂടി അടയ്ക്കാനുള്ള തീരുമാനവും പിൻവലിക്കണം.
ഐ.സി.ബാലകൃഷണൻ എം.എൽ.എ. ,
ഗതാഗതസംരക്ഷണ കർമ്മ സമിതി ചെയർമാൻ
നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന
പാത അടയ്ക്കരുത്
നൂറ്റാണ്ടുകളായി നമ്മുടെ പൂർവ്വീകരുടെ കാലം തൊട്ട് ഉപയോഗിച്ചുവരുന്ന പാതയാണ് ബത്തേരി മൈസൂർ റോഡ് (ഇപ്പോൾ ദേശീയപാത 766 ) ഇത് അടയ്ക്കാനുള്ള നീക്കം ഒരിക്കലും അംഗീകരിക്കാനാവില്ല. കോടതിയെപോലും തെറ്റിദ്ധരിപ്പിച്ചാണ് ചിലർ ഈ റോഡ് അടയ്ക്കുന്നതിന് വേണ്ടി ഇറങ്ങി തിരിച്ചിരിക്കുന്നത്. വയനാട്ടിലെ ജനങ്ങളെ തീർത്തും ബന്ദിയാക്കുന്ന നടപടിയാണിത്. കഴിഞ്ഞ പത്ത് വർഷമായി രാത്രി യാത്ര നിരോധനം കാരണം വയനാട്ടുകാർ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴാണ് ഇപ്പോൾ പാത പകൽകൂടി അടക്കാനുള്ള നീക്കം നടക്കുന്നത്. പാത അടയുന്നതോടെ വയനാട് തീർത്തും ഒറ്റപ്പെടുമെന്ന് മാത്രമല്ല വയനാടിലെ ജനങ്ങൾക്ക് എല്ലാം ഇട്ടെറിഞ്ഞ് പലായനം ചെയ്യേണ്ട അവസ്ഥവരെയുണ്ടാകും സുരേഷ് താളൂർ,
കൺവീനർ,
ഗതാഗത കർമ്മ സമരക്ഷണ സമിതി
വയനാടിന്റെ വികസനം മുരടിക്കും
ദേശീയപാത 766 -ൽ രാത്രി യാത്ര നിരോധനം മൂലം ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനിടെയാണ് ഇപ്പോൾ പാത പൂർണമായും അടയ്ക്കാനുള്ള നീക്കം നടക്കുന്നത് പാത അടഞ്ഞാൽ വയനാടിന്റെ വികസം മുരടിക്കുമെന്ന് മാത്രമല്ല ബത്തേരി താലൂക്ക് തന്നെ ഇല്ലാതാകും തമിഴ്‌നാടും,കർണാടകയുമായി അതിർത്തി പങ്കിടുന്ന വയനാട് ജില്ലയിലെ പ്രമുഖ പട്ടണമാണ് സുൽത്താൻ ബത്തേരി. അതിർത്തി പ്രദേശങ്ങളായ കർണാടകയിലെ ഗുണ്ടൽപേട്ടിൽ നിന്നും തമിഴ്‌നാട്ടിലെ നീലഗിരിയിൽ നിന്നും ആളുുകൾ ചികിൽസയുൾപ്പെടെയുള്ള കാര്യങ്ങൾക്കായി എത്തുന്നത് ബത്തേരിയിലാണ്. രാത്രി യാത്ര നിരോധനം വന്നതോടെ ബത്തേരി പട്ടണം സന്ധ്യ മയങ്ങി കഴിഞ്ഞാൽ പിന്നെ വിജനമായി. രാവും പകലും സജീവമായിരുന്ന പ്രദേശമാണ് ഇപ്പോൾ സന്ധ്യയാകുന്നതോടെ ആളനക്കമില്ലാതെ കിടക്കുന്നത്.കഴിഞ്ഞ 10 വർഷമായി വയനാടൻ ജനത അനുഭവിച്ചുവരുന്ന യാത്ര വിലക്കിന് പരിഹാരം കാണുന്നതിനും പാത പകൽ കൂടി അടയ്ക്കാതിരിക്കാനും കേന്ദ്ര-കേരള സർക്കാരുകൾ അടിയന്തിരമായി ഇടപെടണം.
ടി.എൽ.സാബു
ബത്തരി നഗരസഭ ചെയർമാൻ
നീതി നിഷേധത്തിനെതിരെയുള്ള പോരാട്ടം
സഞ്ചാര സ്വതന്ത്ര്യം സരംക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടമാണ് ഇപ്പോൾ വയനാട്ടിൽ നടക്കുന്നത്. നീതിദേവത വയനാട്ടുകാരോട് കനിയുമെന്നാണ് വയനാട്ടിലെ എട്ട് ലക്ഷത്തിൽപ്പരം വരുന്ന ജനങ്ങളുടെ പ്രാർത്ഥന. പരിസ്ഥിതിക്ക് ഇവിടെ ആരും ഏതിരല്ല. പരിസ്ഥിതിയെ സംരക്ഷിക്കുന്നവരാണ് വയനാട്ടുകാർ. പക്ഷേ ചില കപട പരിസ്ഥിതി വാദികൾ കോടതിയെ തെറ്റിദ്ധരിപ്പിച്ച് പാത പകൽകൂടി അടയ്ക്കാനുള്ള നീക്കമാണ് നടത്തുന്നത്. വന്യജീവി സംരക്ഷണത്തിനന്റെ പേരിലാണ് രാത്രി യാത്ര നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യയിലെ 50 കടുവ സങ്കേതങ്ങളിൽ ബന്ദിപ്പൂരിൽ മാത്രമാണ് രാത്രി യാത്ര നിരോധനം ഏർപ്പെടുത്തിയത്. ദേശീയ പാത 766-ൽ ഇന്നേവരെ ഒരു കടുവയ്ക്കു പോലും വാഹനാപകടത്തിൽ പരിക്കേൽക്കുകയോ മരണപ്പെടുകയോ ചെയ്തിട്ടില്ല.
ടിജി ചെറുതോട്ടിൽ,
ചെയർമാൻ,യുവജനകൂട്ടായ്മ
ദേശീയപാത 766 വയനാടിന്റെ ജീവനാടി
വയനാടിന്റെ ജീവനാഡിയായ ദേശീയപാത 766 അടച്ചുപൂട്ടാനുള്ള നീക്കം വയനാടിന്റെ സമസ്ഥ മേഖലയേയും ദോഷകരമായി ബാധിക്കും. വയനാട്ടിലെ കാർഷിക ഉൽപ്പന്നങ്ങളായ ഇഞ്ചി, ചേന, വാഴക്കുല ,നാണ്യ വിളയായ അടയ്ക്ക തുടങ്ങിയവയുടെ പ്രധാന മാർക്കറ്റ് അയൽ സംസ്ഥാനങ്ങളാണ്. ചരക്ക് ഗതാഗതം നടക്കുന്നത് മുഴുവനും ദേശീയപാത 766 വഴിയാണ്. പതിനായിരക്കണക്കിന് വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമാണ് വയനാട്ടിൽ നിന്നും സംസ്ഥാനത്തിന്റെ ഇതര ജില്ലകളിൽ നിന്നുമായി ബാംഗ്ലൂരിലുള്ളത്. ഇതിന് പുറമെ ആയിരക്കണക്കിന് കർഷകരാണ് കൃഷിയുമായി ബന്ധപ്പെട്ട് കർണാടകയിൽ പോയിവരുന്നത്.ഇവരുടെയെല്ലാം യാത്ര ഇതുവഴിയാണ്. രാത്രി യാത്ര നിരോധനം പിൻവലിച്ച് പാത അടയ്ക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണം.
സുരേന്ദ്രൻ ആവേത്താൻ ,
സെക്രട്ടറി ,
ബത്തേരി മഹാഗണപതി ക്ഷേത്ര സമിതി
പ്രകൃതിയെയും മൃഗങ്ങളെയും സ്നേഹിക്കുന്നവർ
ഞാൻ ഒരു വയനാട്ടുകാരിയാണ് മെഡിക്കൽ കോളേജോ, എയർപോർട്ടോ, റെയിൽവേയോ ഇല്ലാത്ത ഇവിടുത്തെ ആകെ ആശ്രയം ഈ റോഡ് മാത്രമാണ് ഒരു ജനതയെ മുഴുവൻ തെരുവിലേക്ക് ഇറക്കിവിട്ടുകൊണ്ടുള്ള ഈ പ്രവണത ശരിയാണോ. ഈ നാടിന്റെ 80% ജനങ്ങളും ജീവിതമാർഗത്തിനായി ആശ്രയിക്കുന്നത് എൻ.എച്ച് 766 വഴി വരുന്ന ഇതരസംസ്ഥാന ബന്ധങ്ങളിൽ നിന്നുമാണ്. ഇതല്ലാതെ ഞങ്ങൾക്ക് ജീവിക്കാൻ വേറെ മാർഗങ്ങളില്ല. വികസനങ്ങളാൽ സമ്പന്നമാകണമെന്ന് ആഗ്രഹമൊന്നുമില്ല വയനാട്ടുകാർക്ക്. പക്ഷെ ഞങ്ങളുടെ പ്രശ്നങ്ങൾ ഞങ്ങൾക്കേ പറയാൻ കഴിയു. മറ്റു ജില്ലകളേക്കാൾ കൂടുതൽ പ്രകൃതിയെയും മൃഗങ്ങളെയും സ്നേഹിക്കുന്നവരാണ് ഞങ്ങളും. അതുകൊണ്ടുതന്നെയാണ് വയനാടിന്റെ പ്രകൃതിഭംഗി ഇപ്പോഴും നിലനിന്നുപോകുന്നത്,
അമൃതകല്യാണി
വയനാട്